
ബറേലി: യുപിയില്‍ ബിജെപി എംഎല്‍എയുടെ മകള്‍ ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. അലഹബാദ് ഹൈക്കോടതിക്ക് സമീപത്ത് നിന്ന് യുപിയിലെ ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്ര, ഭർത്താവ് അജിതേഷ് കുമാർ എന്നിവരെ തട്ടിക്കൊണ്ടു പോയിരുന്നു. ഇപ്പോള്‍ ഇരുവരെയും പൊലീസ് രക്ഷിച്ചു.
കോടതിയുടെ മൂന്നാം ഗേറ്റിന് സമീപത്ത് നിൽക്കുമ്പോൾ കറുത്ത എസ്‌യുവി കാറിലെത്തിയ സംഘം തോക്കുചൂണ്ടി ഇരുവരെയും കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും രക്ഷിച്ചത്.
ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പിതാവില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് നേരത്തെ സാക്ഷി ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണം തേടി ഹെെക്കോടതിയെ സമീപിക്കാന്‍ എത്തിയപ്പോഴാണ് തട്ടിക്കൊണ്ടു പോയത്. ഇവരെ വിവാഹം കഴിക്കാൻ സഹായിച്ച സുഹൃത്ത് 2018 ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിലായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ.
ഈ സുഹൃത്ത്, സാക്ഷിയുടെ അച്ഛൻ രാജേഷ് മിശ്രയുടെ അടുത്ത സഹായിയാണെന്നാണ് റിപ്പോട്ടുകൾ. മകളും ഭര്‍ത്താവും തമ്മില്‍ ഒമ്പത് വയസ്സ് പ്രായ വ്യത്യാസമുണ്ടെന്നും, അജിതേഷിന് വരുമാനം കുറവാണെന്നും ഇക്കാര്യങ്ങളിലാണ് തന്റെ ഉത്‌കണ്‌ഠയെന്നുമാണ് രാജേഷ് മിശ്ര വിഷയത്തില്‍ പ്രതികരിച്ചത്. മകളെ ഉപദ്രവിക്കുന്നത് തനിക്ക് ആലോചിക്കാന്‍ പോലുമാകില്ലെന്നും അവരെ രണ്ട് പേരെയും വീട്ടില്‍ തിരിച്ചുകൊണ്ടുവരാനായി പാര്‍ട്ടിയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam