
ദില്ലി : ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച ഹർ ഘർ തിരംഗ ക്യാംപയിനോടനുബന്ധിച്ച് നടന്ന ബൈക്ക് റാലിയിൽ ഹെൽമെറ്റ് ഇടാതെ ബിജെപി എംപി മനോജ് തിവാരി. ഹെൽമെറ്റ് ഇടാതെ ബൈക്കോടിച്ചതിന് മനോജ് തിവാരിക്ക് ദില്ലി ട്രാഫിക് പൊലീസ് പിഴ ചുമത്തി. ചെങ്കോട്ടയ്ക്ക് സമീപം വച്ച് ബൈക്ക് റാലിയിൽ പങ്കെടുക്കവെയാണ് നേതാവിന് ഫൈൻ ലഭിച്ചത്. സംഭവത്തെ കുറിച്ച് തിവാരി തന്നെ ട്വീറ്റ് ചെയ്യുകയും ക്ഷമ ചോദിക്കുകയും ചെയ്തു. മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് തിവാരി ക്ഷമ ചോദിച്ചത്. ആരും സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പിഴയടയ്ക്കുമെന്നും തിവാരി പറഞ്ഞു.
"ഇന്ന് ഹെൽമെറ്റ് ധരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നു. ഞാൻ ചലാൻ അടയ്ക്കും. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കാണാൻ സാധിക്കും. സ്ഥലം റെഡ്ഫോർട്ട് ആണ്. ഹെൽമെറ്റ് ധരിക്കാതെ ആരും മോട്ടോർ സൈക്കിൾ ഓടിക്കരുതെന്ന് അപേക്ഷിക്കുന്നു. സുരക്ഷിതമായി വണ്ടി ഓടിക്കൂ, നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നിങ്ങളെ ആവശ്യമുണ്ട് " - തിവാരി ട്വീറ്റ് ചെയ്തു. ഹെൽമറ്റോ ലൈസൻസോ പൊല്യൂഷൻ സെർട്ടിഫിക്കറ്റോ, രജിസ്ട്രേഷൻ സെർട്ടിഫിക്കറ്റോ ഇല്ലാതെയാണ് എംപി ബൈക്ക് ഓടിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സ്വാതന്ത്രത്തിന്‍റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി, ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ആഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണം. സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി പറഞ്ഞു. മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam