'ഗാന്ധി രാഷ്ട്രത്തിന്‍റെ മകന്‍'; വിവാദ പ്രസ്താവനയുമായി പ്രഗ്യാ സിംഗ് താക്കൂര്‍

By Web TeamFirst Published Oct 21, 2019, 2:59 PM IST
Highlights

ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഹാത്മാ ഗാന്ധി രാഷ്ട്രത്തിന്‍റെ പുത്രനാണെന്ന പ്രസ്താവനന പ്രഗ്യാ സിംഗ് നടത്തിയത്

ഭോപ്പാല്‍: നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ബിജെപി എം പി പ്രഗ്യാ സിംഗ് താക്കൂര്‍ പ്രസ്താവനകൊണ്ട് വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്. ഇത്തവണ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ രാഷ്ട്രത്തിന്‍റെ മകനെന്ന് സംബോധന ചെയ്താണ് പ്രഗ്യാ വിവാദത്തില്‍ പെട്ടിരിക്കുന്നത്. 

ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മഹാത്മാ ഗാന്ധി രാഷ്ട്രത്തിന്‍റെ പുത്രനാണെന്ന പ്രസ്താവനന പ്രഗ്യാ സിംഗ് നടത്തിയത്. അദ്ദേഹത്തെ രാജ്യം എന്നും ഓര്‍ക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. 

മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനം വര്‍ഷം മുഴുവന്‍ ആഘോഷിക്കുകയാണ് ബിജെപി തീരുമാനം. ഇതിനായി നഗരങ്ങളിലുടനീളം ഗാന്ധി സങ്കല്‍പ്പ് യാത്ര നടത്തുന്നുണ്ട് ബിജെപി. എന്നാല്‍ ഇതുവരെയും ഈ യാത്രകളുടെ ഭാഗമല്ല പ്രഗ്യാ സിംഗ് താക്കൂര്‍. 

എന്തുകൊണ്ട് ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോഴായിരുന്നു വിവാദമായ പരാമര്‍ശം പ്രഗ്യാ സിംഗ് നടത്തിയത്. ''ഗാന്ധി രാജ്യത്തിന്‍റെ മകനാണ്. ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നു. അതില്‍ കൂടുതല്‍ വിശദീകരണത്തിന്‍റെ ആവശ്യമില്ല'' -  പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞു. 

2019 ല്‍ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലാണ് ഭോപ്പാലില്‍ നിന്ന് പ്രഗ്യാ സിംഗ് ജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്സെയെ സ്തുതിച്ചത് വലിയ വിവാദമായിരുന്നു. ഗോഡ്സെ രാജ്യസ്നേഹിയാണെന്നായിരുന്നു അവരുടെ പ്രസ്താവന. സംഭവം വിവാദമായതോടെ ബിജെപി പ്രഗ്യാ സിംഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 

click me!