Farmers Protest: കര്‍ഷക സമരത്തിനിടെ ബിജെപി എംപിയുടെ കാറിന് നേരെ ആക്രമണം

By Web TeamFirst Published Nov 5, 2021, 5:34 PM IST
Highlights

തനിക്ക് നേരെ വധശ്രമമാണ് നടന്നതെന്ന് ബിജെപി എംപി റാം ചന്ദര്‍ ആരോപിച്ചു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് ആക്രമണമുണ്ടായത്. കാറിന് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കേറ്റില്ല.
 

ദില്ലി: കര്‍ഷക സമരത്തിനിടെ (Farmers protest) ബിജെപി എംപിയുടെ (BJP MP) കാറിന് നേരെ ആക്രമണം. ഹരിയാനയിലെ ഹിസാര്‍ (Hisar) ജില്ലയില്‍ വെള്ളിയാഴ്ച നടന്ന സമരത്തിനിടെയാണ് ബിജെപി രാജ്യസഭാ എംപി റാം ചന്ദര്‍ ജംഗ്രയുടെ (Ram Chander Jangra) കാറിന് നേരെ ആക്രമണമുണ്ടായത്. കാറിന് നേരെ ചിലര്‍ വടിയെറിഞ്ഞതിനെ തുടര്‍ന്ന് വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഹരിയാനയില്‍ സമരം തുടരുന്നതിനിടെ ബിജെപി, ജനനായക് ജന്‍താ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിക്കെതിരെ കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. കരിങ്കൊടിയുമായി ബിജെപി എംപി റാം ചന്ദറിന്റെ വാഹനം സമരക്കാര്‍ തടയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പ്രക്ഷോഭകരെ നീക്കിയാണ് എംപിക്ക് സഞ്ചരിക്കാന്‍ സൗകര്യമൊരുക്കിയത്. തനിക്ക് നേരെ വധശ്രമമാണ് നടന്നതെന്ന് ബിജെപി എംപി റാം ചന്ദര്‍ ആരോപിച്ചു. ''താന്‍ പങ്കെടുത്ത പരിപാടി അവസാനിച്ച ശേഷം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് ആക്രമണമുണ്ടായത്. കാറിന് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കേറ്റില്ല. ഹരിയാന ഡിജിപിയുമായും എസ്പിയുമായും സംസാരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്''- അദ്ദേഹം പറഞ്ഞു. സംഭവ സമയം കാറിന്റെ പിന്‍സീറ്റിലായിരുന്നു എംപി ഇരുന്നത്.

ആക്രമണമുണ്ടായതിന് ശേഷം പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പരിപാടികള്‍ റദ്ദ് ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്. കേന്ദ്രം പാസാക്കിയ നിയമങ്ങള്‍ റദ്ദാക്കണമെന്നും കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ലഭിക്കുന്ന നിയമം കൊണ്ടുവരണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
 

click me!