ബിജെപി എംപി രാം സ്വരൂപ് ശർമ്മ തൂങ്ങി മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം

By Web TeamFirst Published Mar 17, 2021, 1:20 PM IST
Highlights

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ലോക്സഭാംഗമാണ്  62 കാരനായ രാം സ്വരൂപ് ശർമ്മ...


ദില്ലി: ഹിമാചൽ പ്രദേശിൽ നിന്നുള്ള ലോക്സഭാ എംപി രാം സ്വരൂപ് ശർമയെ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് രാം സ്വരൂപിനെ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന എംപി വിനായക് റൗട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ലോക്സഭാംഗമാണ്  62 കാരനായ രാം സ്വരൂപ് ശർമ്മ. ദില്ലിയിൽ എംപിമാർ താമസിക്കുന്ന ഗോമതി ഫ്ലാറ്റിലെ 204ാം മുറിയിലാണ് എംപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുറി തുറക്കാത്തിനെ തുടർന്ന് അദ്ദേഹത്തിന്റെ ജീവനക്കാരാനാണ് വിവരം പൊലീസിനെ അറിയിച്ചത്. വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ ഫ്ലാറ്റിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി പൊലീസ് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം രാം സ്വരൂപ് ശർമ്മ നിരാശയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഹിമാചൽ പ്രദേശിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

രാം സ്വരൂപ് ശർമയുടെ നിര്യാണത്തെ തുടർന്ന് ബിജെപി പാർലമെന്‍ററി പാർട്ടി യോഗം റദ്ദാക്കി. 2014ലാണ് അദ്ദേഹം ആദ്യമായി പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി എംപിയായിരുന്ന മോഹൻ ദേൽകർനേയും മുംബൈയിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

click me!