'ദേശീയപതാക വാങ്ങിയില്ലെങ്കിൽ റേഷനില്ല'; സംഭവം നാണക്കേടെന്ന് ബിജെപി എംപി വരുൺ ​ഗാന്ധി

Published : Aug 10, 2022, 07:26 PM ISTUpdated : Aug 10, 2022, 07:28 PM IST
'ദേശീയപതാക വാങ്ങിയില്ലെങ്കിൽ റേഷനില്ല'; സംഭവം നാണക്കേടെന്ന് ബിജെപി എംപി വരുൺ ​ഗാന്ധി

Synopsis

റേഷൻ വാങ്ങാനെത്തുന്ന ഓരോ വ്യക്തിയും  20 രൂപയ്ക്ക് പതാക വാങ്ങി വീട്ടിൽ വയ്ക്കണമെന്ന് തങ്ങൾക്ക് ഓർഡർ ലഭിച്ചിരുന്നതായി റേഷൻ ഡിപ്പോയിലെ ജീവനക്കാരനെന്ന് തോന്നിപ്പിക്കുന്ന ഒരാൾ വീഡിയോയിൽ പറയുന്നു.

ദില്ലി: റേഷൻകടയിലേക്ക് സാധനങ്ങൾ വാങ്ങാനെത്തുന്ന പാവങ്ങളോട് ദേശീപതാക വാങ്ങാൻ നിർബന്ധിച്ച സംഭവം നാണക്കേടാണെന്ന് ബിജെപി എംപി വരുൺ ​ഗാന്ധി. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകുന്നില്ലെന്നും സംഭവം വലിയ നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തായിരുന്നു വരുൺ ​ഗാന്ധിയുടെ ആരോപണം. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം പാവങ്ങൾക്ക് ഭാരമാവുന്നത് ദൗർഭാഗ്യകരമാണെന്നും വരുൺ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

വരുൺ ​ഗാന്ധി പങ്കുവെച്ച വീഡിയോയിൽ, റേഷൻ നൽകണമെങ്കിൽ 20 രൂപ മുടക്കി പതാക വാങ്ങണമെന്ന് കടക്കാർ നിർബന്ധിക്കുന്നതായി ചിലർ പറയുന്നു. മുകളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് റേഷൻ വാങ്ങാനെത്തുന്നവരെ പണം കൊടുത്ത് പതാക വാങ്ങാൻ പ്രേരിപ്പിക്കുന്നതെന്നും റേഷൻ വിതരണരക്കാർ വിശദീകരിച്ചു. റേഷൻ കാർഡ് ഉടമകൾ ദേശീയ പതാക വാങ്ങിയില്ലെങ്കിൽ അർഹമായ ധാന്യം നിഷേധിക്കുന്നുവെന്നും പാവപ്പെട്ടവന്റെ ഹൃദയത്തിലുള്ള ത്രിവർണ പതാക പണം നൽകി വാങ്ങിപ്പിക്കുന്നത് ലജ്ജാകരമാണെന്നും വരുൺ​ഗാന്ധി പറഞ്ഞു. ഹരിയാനയിലെ കർണാലിലെ വാർത്താ ചാനലാണ് വീഡിയോ ചിത്രീകരിച്ചത്. 

റേഷൻ വാങ്ങാനെത്തുന്ന ഓരോ വ്യക്തിയും  20 രൂപയ്ക്ക് പതാക വാങ്ങി വീട്ടിൽ വയ്ക്കണമെന്ന് തങ്ങൾക്ക് ഓർഡർ ലഭിച്ചിരുന്നതായി റേഷൻ ഡിപ്പോയിലെ ജീവനക്കാരനെന്ന് തോന്നിപ്പിക്കുന്ന ഒരാൾ വീഡിയോയിൽ പറയുന്നു. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകരുതെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അയാൾ വ്യക്തമാക്കി. വീഡിയോ വൈറലായതോടെ ഡിപ്പോ ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ഡിപ്പോ ഉടമയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അനീഷ് യാദവ് പറഞ്ഞു. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ അധികൃതരെ അറിയിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനങ്ങളുടെ സൗകര്യാർത്ഥം ദേശീയപതാകകൾ റേഷൻ ഡിപ്പോകളിൽ വിൽക്കുന്നുണ്ടെന്നും അവർക്ക് വേണമെങ്കിൽ വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഈ വർഷം ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കാനുള്ള സർക്കാരിന്റെ പദ്ധതികൾക്കിടയിലാണ് ബിജെപി എംപിയുടെ വിമർശനം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാ​ഗമായി നടക്കുന്ന പരിപാടിയാണ് 'ഹർ ഘർ തിരംഗ'. നേരത്തെ, വയോജനങ്ങൾക്കുള്ള റെയിൽവേ ഇളവ് ഇല്ലാതാക്കാനുള്ള സർക്കാർ നീക്കത്തെയും പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിനെയും അഗ്നിപഥിനെയും വിമർശിച്ച് വരുൺ​ഗാന്ധി രം​ഗത്തെത്തിയിരുന്നു. 

ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഹാരാഷ്ട്രയിൽ കോൺഗ്രസ് വോട്ട് പിളർത്തി ഒവൈസി, ആർഎസ്എസ് തട്ടകത്തിൽ മിന്നി മുസ്ലിം ലീഗ്
'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ