പിണറായി അധികാരത്തിൽ തുടരുന്നത് സ്വർണക്കടത്ത് അന്വേഷണത്തെ ബാധിക്കുമെന്ന് ബിജെപി

By Web TeamFirst Published Aug 2, 2020, 12:53 PM IST
Highlights

മുഖ്യമന്ത്രി അധികാരത്തിൽ തുടർന്നാൽ സ്വർണക്കടത്ത് കേസിലെ തെളിവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ബിജെപി ദേശീയ ജനറൽസെക്രട്ടറി മുരളീധർ റാവു. 

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽ തുടരുന്നത് സ്വർണക്കടത്ത് കേസിലെ അന്വേഷണത്തെ ബാധിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു. മുഖ്യമന്ത്രി അധികാരത്തിൽ തുടർന്നാൽ സ്വർണക്കടത്ത് കേസിലെ തെളിവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അധികാരത്തിൽ തുടർന്നാൽ അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി അന്വേഷിക്കാനാവില്ലെന്നും മുരളീധർ റാവു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് ഏകദിന ഉപവാസം അനുഷ്ഠിക്കുകയാണ്.  ഉപവാസ സമരം ഉദ്ഘാടനം ചെയ്ത ശേഷമാണ് പിണറായിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ജി എസ് മുരളീധർ റാവു ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. അതേസമയം, കള്ളക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തണലൊരുക്കുകയാണെന്ന് വി മുരളീധരൻ ആരോപിച്ചു. കള്ളക്കടത്തിൽ പങ്കാളിയായ പ്രിൻസിപ്പൽ സെക്രട്ടറിയെ 12 ദിവസം മുഖ്യമന്ത്രി സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി അധികാര കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ് അല്ലങ്കിൽ കഴിവില്ലായ്മയാണ്.  പ്രിൻസിൽ സെക്രട്ടറിയെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് കുടുംബാംഗങ്ങളുമായുള്ള ബന്ധം മൂലമാണെന്നും വി മുരളീധരൻ ആരോപിച്ചു. 
 

click me!