
പട്ന: ഡോക്ടർ എത്താത്തതിനെ തുടർന്ന് മുറിക്ക് മുന്നിൽ കുത്തിയിരുപ്പ് ധർണ്ണ നടത്തി കൊവിഡ് രോഗി. ബീഹാറിലെ പട്നയിലെ ദർബംഗ ആശുപത്രിയിലാണ് പത്ത് ദിവസമായി ഡോക്ടറെ കാണാൻ സാധിക്കാത്തതിനെ തുടർന്ന് ശൈലേന്ദ്ര സിൻഹ ധർണ്ണ നടത്തുന്നത്. തനിക്ക് മുന്നിൽ മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന് സിൻഹ പറയുന്നു. ഡോക്ടറുടെ മുറിക്ക് മുന്നിലാണ് ഇദ്ദേഹം സമരം ചെയ്യുന്നത്. വസ്ത്രമടങ്ങിയ ബാഗും പാത്രങ്ങളുമുൾപ്പെടെയാണ് ഇദ്ദേഹത്തിന്റെ ഇരിപ്പ്.
'പത്ത് ദിവസമായി ഡോക്ടർമാർ ആരും എന്നെ കാണാൻ വന്നിട്ടില്ല. വളരെ മോശം അവസ്ഥയിലാണ് ഞാൻ. ഓക്സിജൻ സിലിണ്ടറിൽ രണ്ട് ദിവസം മുമ്പ് വാതകം തീർന്നു പോയി. പകരം വെക്കാൻ ആവശ്യപ്പെട്ടിട്ടും അനുകൂലമായ പ്രതികരണമല്ല അവർ നൽകിയത്. അതുപോലെ തന്നെ എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ അവർ എത്തിയിട്ടില്ല. പാലിക്കേണ്ട നിർദ്ദേശങ്ങൾ ഫോണിലൂടെ പോലും നൽകിയില്ല. ഇതേ വാർഡിലാണ് കഴിഞ്ഞ ദിവസം കൊറോണ ബാധിതരായ രണ്ട് പേർ മരിച്ചത്.' സിൻഹ പറഞ്ഞു.
കൊവിഡ് രോഗികൾക്ക് അർഹമായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നില്ലെന്ന് സിൻഹ ആരോപിക്കുന്നു. രാജ്യത്ത് പലയിടങ്ങളിൽ നിന്നും സമാനമായ രീതിയിൽ പരാതികളുയരുന്നുണ്ട്. 54000 പേരാണ് ഇതുവരെ ബീഹാറിൽ കൊവിഡ് ബാധിതരായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam