'കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 60 കോടിയും മന്ത്രിസ്ഥാനവും'; ബിജെപിയെ വെട്ടിലാക്കി എംഎല്‍എയുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published May 28, 2019, 2:56 PM IST
Highlights

'അവര്‍ എല്ലാവര്‍ക്കും വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വിഡ്ഡികള്‍ മാത്രമാണ് അവരുടെ സ്വാധീനത്തിന് മുന്‍പില്‍ വഴങ്ങുക. മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് അവര്‍ എന്നെയും വിളിച്ചിരുന്നു'

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി പണവും പദവിയും ഓഫര്‍ നല്‍കിയതായി ബി എസ് പി എം എല്‍ എയുടെ വെളിപ്പെടുത്തല്‍. ബിഎസ് പി എം എല്‍ എ രമാഭായ് സിങ് ആണ് ബിജെപിയെ വെട്ടിലാക്കി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 50 കോടി മുതല്‍ 60 കോടി രൂപ വരെയാണ് സര്‍ക്കാരിനെ താഴയിറക്കാന്‍ ബിജെപി വാഗ്ദാനം ചെയ്തതെന്നും ഒപ്പം മന്ത്രിസ്ഥാനം നല്‍കാനും അവര്‍ തയ്യാറായെന്നും  രമാഭായ് സിങ് പറഞ്ഞു.

'അവര്‍ എല്ലാവര്‍ക്കും വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വിഡ്ഡികള്‍ മാത്രമാണ് അവരുടെ സ്വാധീനത്തിന് മുന്‍പില്‍ വഴങ്ങുക. മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് അവര്‍ എന്നെയും വിളിച്ചിരുന്നു. എന്നാല്‍ ആ വാഗ്ദാനം ഞാന്‍ നിരസിച്ചു. 60 കോടി രൂപ വരെ അവര്‍ നിരവധി പേര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്'- രമഭായ് സിങ് പറഞ്ഞു. 

രണ്ട്  ബിഎസ്പി എംഎല്‍എമാരുടെ പിന്തുണയോടെയായിരുന്നു 2018ല്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. അസംബ്ലി തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലാണ് ബിഎസ്പി വിജയിച്ചത്. 230 ല്‍ 114 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു 2018ല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ആസൂത്രണം നടക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

വാര്‍ത്തകളെ സാധൂകരിക്കുന്നതാണ് ബിഎസ്പി എംഎഎല്‍എയുടെ പുതിയ വെളിപ്പെടുത്തല്‍. പണത്തിനല്ല താന്‍ പ്രാധാന്യം നല്‍കുന്നത്. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നിലനില്‍ക്കുകയാണ് അത്യാവശ്യമെന്നാണ് രമാഭായ് സിങ്ങിന്‍റെ നിലപാട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപി വന്‍ നേട്ടമാണ് കൈവരിച്ചത്. 29  സീറ്റുകളില്‍ 28 ഉം ബിജെപി തൂത്തുവാരിയിരുന്നു.

click me!