
ദില്ലി: മലിനീകരണത്തിൽ എഎപി സർക്കാറിനെതിരെ യമുന നദിയിൽ മുങ്ങി പ്രതിഷേധിച്ച ദില്ലി ബിജെപി അധ്യക്ഷൻ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ. ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീരേന്ദ്ര സച്ദേവയ്ക്ക് കടുത്ത ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെന്ന് ബിജെപി അറിയിച്ചു. നഗരത്തിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങിയതോടെ വരും ദിവസങ്ങളിൽ വായുമലിനീകരണ തോത് ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
അരവിന്ദ് കെജ്രിവാളിന്റെയും ദില്ലി സർക്കാറിന്റെയും അനാസ്ഥയാണ് ദില്ലിയിലെ മലിനീകരണ തോത് ഇത്രയും കൂട്ടിയതെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ യമനുന നദിയിൽ മുങ്ങി പ്രതിഷേധിച്ചത്. പിന്നാലെയാണ് ശരീരത്തിൽ പലയിടങ്ങളിലായി നല്ല ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ട് തുടങ്ങിയത്. ആർഎംഎൽ ആശുപത്രിയിലുള്ള സച്ദേവയ്ക്ക് നേരത്തെ ശ്വാസതടസമൊന്നും ഉണ്ടായിട്ടില്ലെന്നും നല്ല ചൊറിച്ചിലുള്ളതിനാൽ ചികിത്സ തുടരുകയാണെന്നും ദില്ലി ബിജെപി അറിയിച്ചു.
എന്നാൽ സച്ദേവ നാടകം കളിക്കുകയാണെന്ന് ആംആദ്മി പാർട്ടി വിമർശിച്ചു. രാസവസ്തുക്കളുടെ അംശം കൂടിയ യമുന നദിയ ഇപ്പോൾ നിറയെ വെളുത്ത വിഷപ്പതയുമായാണ് ഒഴുകുന്നത്. അതേസമയം ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ നഗരത്തിൽ പടക്കം പൊട്ടിച്ചടക്കം ആഘോഷങ്ങൾ തുടങ്ങിയതോടെയാണ് സാഹചര്യം ഗുരുതരമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്. നിലവിൽ ഇരുനൂറിനും മുകളിൽ മോശം അവസ്ഥയിലാണ് ദില്ലിയിലെ വായുമലിനീകരണ തോത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam