കൊല്‍ക്കത്തയില്‍ ബിജെപി റാലി സംഘര്‍ഷത്തില്‍ കലാശിച്ചു; ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ക്കടക്കം പരിക്ക്

By Web TeamFirst Published Oct 8, 2020, 9:14 PM IST
Highlights

പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ബിജെപി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
 

കൊല്‍ക്കത്ത: ബിജെപി സംഘടിപ്പിച്ച നബന്ന ചലോ റാലി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അവസാനിച്ചു. മുന്‍നിര നേതാക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബിശ്വപ്രിയ റോയ് ചൗധരി, രാജു ബാനര്‍ജി, അരവിന്ദ് മേനോന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

പൊലീസ് ബാരിക്കേഡ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ബിജെപി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മഷി കലര്‍ത്തിയ വെള്ളം ജലപീരങ്കിയില്‍ ഉപയോഗിച്ചെന്ന് ബിജെപി ആരോപിച്ചു. പ്രവര്‍ത്തകരെ പ്രകോപനമില്ലാതെ ക്രൂരമായി മര്‍ദ്ദിച്ചെന്നും ബിജെപി ആരോപിച്ചു.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. ആയുധങ്ങളുമായാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയതെന്ന് മന്ത്രി ഫിര്‍ഹാദ് ഹകിം പറഞ്ഞു. കൊവിഡിനേക്കാള്‍ വലിയത് മുഖ്യമന്ത്രി മമതാ ബാനര്‍ജി കാണാനിരിക്കുന്നതേയുള്ളൂവെന്ന് സംസ്ഥാന യുവമോര്‍ച്ച പ്രസിഡന്റ് സൗമിത്ര ഖാന്‍ പറഞ്ഞു. 

click me!