
ദില്ലി: ഉത്തര്‍പ്രദേശില്‍ (Uttarpradesh) യോഗി ആദിത്യനാഥ് സര്‍ക്കാര്‍ (Yogi Adityanath Government) ഭരണം നിലനിര്‍ത്തുമെന്നും പഞ്ചാബില്‍ (Punjab) ആം ആദ്മി പാര്‍ട്ടി (AAP) അധികാരത്തിലെത്തുമെന്നും ഇന്ത്യ ന്യൂസ് -ജന്‍ കി ബാത്ത് (India News-Jan Ki baat) അവസാന ഘട്ട അഭിപ്രായ സര്‍വേ. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നും സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ബിജെപിക്കെതിരെ എസ്പി കടുത്ത മത്സരവുമായി രംഗത്തുണ്ട്. 403 അംഗ നിയമസഭയില്‍ 228 മുതല്‍ 254 സീറ്റ് വരെ നേടി ബിജെപി അധികാരത്തില്‍ തുടരാമെന്ന് സര്‍വേ പറയുന്നു. ബിജെപിക്ക് 41.3 മുതല്‍ 43.5 വരെ വോട്ടുവിഹിതം ലഭിക്കുമ്പോള്‍ എസ്പി സഖ്യത്തിന് 35.5 മുതല്‍ 38 ശതമാനം വരെ വോട്ട് ലഭിക്കാം. കോണ്‍ഗ്രസും ബിഎസ്പി ഒറ്റയക്കത്തിലേക്ക് ചുരുങ്ങാമെന്നും സര്‍വേ പ്രവചിക്കുന്നു.
2017ല്‍ ലഭിച്ചതിനേക്കാള്‍ കുറവ് സീറ്റാണ് പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് ലഭിക്കുക. എങ്കില്‍ കൂടിയും എസ്പിക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കും. സ്ത്രീകളുടെ പിന്തുണയാണ് ബിജെപിക്ക് ഗുണം ചെയ്യുകയെന്നും സര്‍വേ പറയുന്നു. 70 ശതമാനത്തിലധികം സ്ത്രീകള്‍ യോഗി സര്‍ക്കാര്‍ തുടരണമെന്ന് അഭിപ്രായമുള്ളവരാണ്.
പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ 60 മുതല്‍ 66 സീറ്റുവരെ നേടി അധികാരത്തിലെത്തുമെന്നും സര്‍വേ ഫലം പറയുന്നു. 41 മുതല്‍ 42 ശതമാനം വരെ വോട്ടുവിഹിതം നേടും. ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടും 33 മുതല്‍ 39 സീറ്റുവരെ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനാകൂ. 34 മുതല്‍ 35 ശതമാനം വരെ വോട്ടുവിഹിതവും കോണ്‍ഗ്രസിന് ലഭിക്കും.
ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്നത്. 70 അംഗ നിയമസഭയില്‍ 34-39 വരെ സീറ്റ് നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. 27 മുതല്‍ 33 വരെ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. ബിജെപിക്ക് 40 ശതമാനം വരെ വോട്ടുവിഹിതം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 38 ശതമാനം വോട്ടുലഭിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam