ആം ആദ്മി സർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം; നഴ്സറി സ്കൂൾ നിർമ്മാണത്തിലും ക്രമക്കേടെന്ന് ബിജെപി

By Web TeamFirst Published Jul 3, 2019, 8:58 PM IST
Highlights

സ്കൂ‌ൾ നിർമ്മാണത്തിന് പിന്നാലെ സർക്കാർ സ്കൂളുകളിലെ നഴ്സറി ക്ലാസ്മുറികളുടെ നിർമ്മാണത്തിലും സർക്കാർ കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.  

ദില്ലി: ആം ആദ്മി സർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി ബിജെപി. സ്കൂ‌ൾ നിർമ്മാണത്തിന് പിന്നാലെ സർക്കാർ സ്കൂളുകളിലെ നഴ്സറി ക്ലാസ്മുറികളുടെ നിർമ്മാണത്തിലും സർക്കാർ കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.

366 സർവ്വോദയ സ്കൂളുകളിൽ നഴ്സറി ക്ലാസുകൾ നിർമ്മിക്കാൻ സർക്കാർ ചെലവഴിച്ചത് 105 കോടി രൂപ. പൂർണ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ക്ലാസുകൾ നിർമ്മിക്കാനാണ് തുക വകയിരുത്തിയത്. എന്നാൽ ക്ലാസുകൾക്ക് സൗകര്യം കുറവാണെന്നും ഇരട്ടി തുക ചെലവഴിച്ച് പകുതി സൗകര്യങ്ങൾ മാത്രം പൂർത്തിയാക്കിയെന്നുമാണ് ബിജെപിയുടെ പരാതി.

നഴ്സറികൾ നിർമ്മിച്ച കരാറിലും ക്രമക്കേടുള്ളതായി ബിജെപി ആക്ഷേപിച്ചു. വേഗത്തിൽ പണി പൂർത്തിയാക്കണമെന്ന കാരണം പറഞ്ഞ് വാക്കാൽ കരാർ നൽകുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനിടെ എംപിയും ബിജെപി ദില്ലി അധ്യക്ഷനുമായ മനോജ് തിവാരിയുടെ വീടിന് മുൻപിൽ പ്രതിഷേധിച്ച ആം ആദ്മി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചേര്‍ന്ന്  സ്കൂള്‍ നിര്‍മ്മാണത്തില്‍ രണ്ടായിരം കോടിയുടെ അഴിമതി  നടത്തിയതായി കഴിഞ്ഞ ദിവസം ബിജെപി ആരോപിച്ചിരുന്നു. 800 കോടി രൂപയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകേണ്ട ക്ലാസ്സ് മുറികൾക്കായി കെജ്‍രിവാള്‍ സര്‍ക്കാര്‍ 2000 കോടി രൂപ കൂടുതലായി ചെലവാക്കിയെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമാണ് എംപിയും ബിജെപി ദില്ലി അധ്യക്ഷനുമായ മനോജ് തിവാരി ആരോപിക്കുന്നത്. 

ഇതിന് പിന്നാലെ മനീഷ് സിസോദിയയ്ക്കെതിരെ ബിജെപി പൊലീസിൽ പരാതി നൽകിയിരുന്നു. വിദ്യാദ്യാസമന്ത്രി കൂടിയായ മനീഷ് സിസോദിയയും അരവിന്ദ് കെജ്‍രിവാളും ചേര്‍ന്ന് സ്കൂളുകളിൽ ക്ലാസ്സ് മുറികൾ നിർമ്മിച്ചതിൽ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ദില്ലി പൊലീസിൽ ബിജെപി പരാതി നൽകിയത്.  

click me!