
ചെന്നൈ: മൂന്ന് വർഷത്തോളമായി തേടിക്കൊണ്ടിരുന്ന ഭർത്താവിനെ ടിക്ടോക്കിൽ കണ്ട് ഭാര്യ അമ്പരന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് 2016 ൽ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് നാടുവിട്ട സുരേഷിനെയാണ് വർഷങ്ങൾക്ക് ശേഷം ടിക്ടോക്കിൽ കണ്ടെത്തിയത്.
ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭർത്താവിനെ കാണാതായതായി ഇദ്ദേഹത്തിന്റെ ഭാര്യ പൊലീസിൽ അന്ന് തന്നെ പരാതി നൽകിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. ഈയിടെ ഇവരുടെ ബന്ധുവാണ് സുരേഷിനെ ടിക്ടോക്കിൽ കണ്ടെത്തി ഭാര്യയെ വിവരമറിയിച്ചത്. വില്ലുപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ സുരേഷ് ഹൊസുറിലാണ് ഉള്ളതെന്ന് കണ്ടെത്തി.
ഭാര്യയുമായി പിണങ്ങിയാണ് സുരേഷ് നാടുവിട്ടതെന്ന് പിന്നീടുള്ള അന്വേഷണത്തിൽ പൊലീസിന് ബോധ്യപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. ഹൊസുറിൽ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. ഈ കാലത്തിനിടെ ഒരു ട്രാൻസ്ജെന്ററുമായി ഇദ്ദേഹം സൗഹൃദത്തിലാവുകയും ഇവരോടൊപ്പം ടിക്ടോക്കിൽ വീഡിയോ ചെയ്യുകയുമായിരുന്നു. ഈ വീഡിയോകൾ പിന്തുടർന്നാണ് പൊലീസ് സുരേഷിലേക്ക് എത്തിച്ചേർന്നത്. സുരേഷിനെ കണ്ടെത്താൻ വില്ലുപുരത്തെ ട്രാൻസ്ജെന്റർ അസോസിയേഷൻ പൊലീസിനെ സഹായിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam