
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗവർണർക്ക് ബിജെപിയുടെ കത്ത്. ഉദ്ധവ് താക്കറെ സർക്കാർ 48 മണിക്കൂറിനുള്ളിൽ പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് കത്തെഴുതിയിട്ടുള്ളത്. അതിവേഗം 160ൽ ഏറെ ഉത്തരവുകളാണ് സർക്കാർ ഇറക്കിയതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പലതും ഇതിൽ ഉണ്ടെന്നും ബിജെപി നേതാവ് പ്രവീൺ ദരേക്കർ ആരോപിച്ചു.
ഇതിനിടെ, ഒരു ശിവസേന എംഎൽഎ കൂടി ഷിൻഡേ ക്യാമ്പിലെത്തി. ഇതോടെ ഏക‍്‍നാഥ് ഷിൻഡേക്ക് ഒപ്പമുള്ള ശിവസേന എംഎൽഎമാരുടെ എണ്ണം 38 ആയി. 9 സ്വതന്ത്ര എംഎൽഎമാർ ഉൾപ്പെടെ ആകെ 47 പേരുടെ പിന്തുണയാണ് നിലവിൽ ഷിൻഡേ ക്യാമ്പിനുള്ളത്. ഏക‍്‍നാഥ് ഷിൻഡേ മുംബൈയിലെക്ക് തിരിച്ചതായുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. ഹോട്ടലിൽ നിന്ന് ഒറ്റയ്ക്കാണ് ഷിൻഡേ പുറപ്പെട്ടിട്ടുള്ളത്. പൊലീസ് വാഹനത്തിൽ വിമാനത്താവളത്തിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ട്.
ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല: വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ മഹാവികാസ് അഘാഡി തീരുമാനം
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡിയുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് വന്നാൽ നിലവിൽ ഭൂരിപക്ഷത്തിന് വേണ്ടത് 144 എംഎൽഎമാരുടെ പിന്തുണയാണ്. എന്നാൽ ഏക‍്‍നാഥ് ഷിൻഡെ ഉൾപ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കിയാണ് ഈ സംഖ്യ കുറയ്ക്കാൻ ഉദ്ധവിനും സംഘത്തിനുമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam