
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ ഇന്ന് ചുമതലയേൽക്കുമെന്ന് സൂചന. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് വിവരം. ഇത് നാലാം തവണയാണ് ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പായതോടെയാണ് മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ നിലംപൊത്തിയത്. സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎൽഎമാർ രാജി വച്ചതോടെ കോൺഗ്രസിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായി. വിമതരെ പിടിച്ചുനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കമൽനാഥും കൂട്ടരും പ്രതിസന്ധി മറികടന്നില്ല.
വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം നടത്തണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം കൂടിയായതോടെ പന്ത് ബിജെപിയുടെ കോർട്ടിലെത്തിയെന്ന് ഉറപ്പായി. വിശ്വാസവോട്ടെടുപ്പിൽ പരാജയം ഉറപ്പായതോടെ പരീക്ഷണത്തിന് നിൽക്കാതെ കഴിഞ്ഞ വ്യാഴാഴ്ച കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. അതോടെയാണ് മധ്യപ്രദേശിൽ വീണ്ടും ബിജെപി ഭരണത്തിന് കളമൊരുങ്ങിയത്.
രാജിവച്ച എംഎൽഎമാർ ഇന്നലെ ബിജെപിയിൽ ചേർ്ന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ വീട്ടിലെത്തിയാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ബിജെപി ഉറപ്പുനൽകിയിട്ടുണ്ടെന്ന് ജ്യോതിരാദിത്യസിന്ധ്യ പിന്നാലെ പ്രഖ്യാപിക്കുകയും ചെയ്തു. 2018 ഡിസംബറിലാണ് കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ മധ്യപ്രദേശിൽ അധികാരമേറ്റത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam