'സത്യത്തിന്‍റെ പാത പിന്തുടരൂ, എന്നിട്ട് ഗാന്ധിയെക്കുറിച്ച് സംസാരിക്ക്'; ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്ക

By Web TeamFirst Published Oct 2, 2019, 5:40 PM IST
Highlights

 ബിജെപി ആദ്യം സത്യത്തിന്‍റെ പാത പിന്തുടരൂ അതിനുശേഷം ഗാന്ധിയിജിയെക്കുറിച്ച് സംസാരിക്കാമെന്ന് പ്രിയങ്ക പറഞ്ഞു.

ദില്ലി: ഗാന്ധിജയന്തി ദിനത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മഹാത്മാ ഗാന്ധിയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അദ്ദേഹം കാണിച്ചുതന്ന സത്യത്തിന്‍റെ പാത പിന്തുടരാന്‍  ബിജെപി തയ്യാറാകണമെന്ന് പ്രിയങ്ക പറഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച നിശബ്ദ റാലിയില്‍ പങ്കെടുക്കുന്നതിന് മുമ്പായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

'സത്യത്തിന്‍റെ പാത പിന്തുടരണമെന്നത് ഗാന്ധിജിയുടെ നിര്‍ദ്ദേശമായിരുന്നു. ബിജെപി ആദ്യം സത്യത്തിന്‍റെ പാത പിന്തുടരൂ അതിനുശേഷം ഗാന്ധിയിജിയെക്കുറിച്ച് സംസാരിക്ക്'- പ്രിയങ്ക പറഞ്ഞു.

ലൈംഗികപീഡനക്കേസില്‍  സ്വാമി ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ അനുകൂലിച്ച് മാര്‍ച്ച് നടത്തിയ 80 കോമ്‍ഗ്രസ് പ്രവര്‍ത്തകരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.  അതിക്രമങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന സ്ത്രീകളെ അടിച്ചമര്‍ത്തുകയാണെന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അതേസമയം ബിജെപിക്കെതിരെ വിമര്‍ശനവുമായി സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്താണ് ഇന്ത്യയില്‍ നടക്കുന്നതെന്നോര്‍ത്ത് ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്ന് സോണിയ പറഞ്ഞു. കപട രാഷ്ട്രീയത്തിന്‍റെ വക്താക്കള്‍ക്ക് മഹാത്മാഹഗാന്ധിയെ മനസ്സിലാകില്ല. സ്വയം വലിയവരാണെന്ന് കരുതുന്നവര്‍ക്ക് എങ്ങനെയാണ് മഹാത്മാ ഗാന്ധിയുടെ ത്യാഗത്തെ മനസ്സിലാക്കാനാകുക.  ഇന്ത്യയും ഗാന്ധിയും പര്യായങ്ങളാണ്. എന്നാല്‍, ചിലര്‍ക്ക് ഇന്ത്യയുടെ പര്യായമായി ആര്‍എസ്എസിനെ അവരോധിക്കണം. ഗാന്ധിയന്‍ ആശയങ്ങളില്‍ മുറുകെപിടിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
 

click me!