ഇവിഎം വിവാദം: പ്രതിപക്ഷത്തിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി

By Web TeamFirst Published May 22, 2019, 12:05 AM IST
Highlights

ജനഹിതം ബഹുമാനത്തോടെ അംഗീകരിക്കണമെന്നും വോട്ടുയന്ത്രത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് അല്‍പ്പത്തമാണെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍.

ദില്ലി: ഇവിഎമ്മുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച സാഹചര്യത്തില്‍ വിമര്‍ശനവുമായി ബിജെപി. തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കണമെന്നും ജനം വോട്ട് ചെയ്താണ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കാന്‍ പോകുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പ്രതിപക്ഷ നടപടിക്കെതിരെ രംഗത്തെത്തി. പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് എൻഡിഎ യോഗത്തിൽ നരേന്ദ്രമോദി പറഞ്ഞു. 

ജനഹിതം ബഹുമാനത്തോടെ അംഗീകരിക്കണമെന്നും വോട്ടുയന്ത്രത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് അല്‍പ്പത്തമാണെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മമതാ ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും ചന്ദ്രബാബു നായിഡുവും അമരീന്ദര്‍ സിങ്ങുമെല്ലാം തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറിയപ്പോള്‍ വോട്ടിംഗ് യന്ത്രത്തിന് യാതൊരു തകരാറുമില്ല. എന്നാല്‍, മോദി അധികാരത്തിലേറുമ്പോള്‍ ഇവരെല്ലാം യന്ത്രത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് നിയമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. 

ഇവിഎമ്മുകൾ വ്യാപകമായി കടത്തുന്നുവെന്നും സുരക്ഷയില്ലാതെ വാഹനങ്ങളിൽ കൊണ്ടുപോകുന്നുവെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ചൊവ്വാഴ്ച 22 പ്രതിപക്ഷ നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.  വിവിപാറ്റ് എണ്ണലിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

എന്നാല്‍, ക്രമക്കേട് നടന്നിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി ബുധനാഴ്ച പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹർജി സുപ്രീംകോടതിയും ചൊവ്വാഴ്ച തള്ളിയിരുന്നു. ചെന്നൈയിൽ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധർ നൽകിയ ഹർജിയാണ് തള്ളിയത്. 

യുപിയിലും ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും ഇവിഎമ്മുകൾ സുരക്ഷയില്ലാതെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അടിസ്ഥാനരഹിതമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. യുപിയിലെ ചന്ദൗലിയിൽ സമാജ്‍വാദി പ്രവർത്തകർ നേരിട്ട് പകർത്തിയ ദൃശ്യങ്ങളടക്കം പുറത്തുവന്നത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം. വോട്ടെണ്ണലിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ഒരു സുരക്ഷയുമില്ലാതെ ലോറികളിൽ കയറ്റിക്കൊണ്ടുവരുന്ന ഇവിഎമ്മുകൾ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കോൺഗ്രസിന്‍റെ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, അഭിഷേക് മനു സിംഗ്‍വി, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ബിഎസ്‍പിയുടെ സതീഷ് ചന്ദ്ര മിശ്ര, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‍രിവാൾ, ടിഎംസിയുടെ ഡെറക് ഒബ്രയൻ, എസ്‍പി നേതാവ് രാംഗോപാൽ യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, ആർജെഡി മനോജ് ഷാ, എൻസിപി നേതാവ് മജീദ് മേമൺ, എൻസി ദേവീന്ദർ റാണ എന്നിവരാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!