
ദില്ലി: കോൺഗ്രസ് സ്ഥാപനദിനാഘോഷത്തിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതിൽ വിവാദം കടുക്കുന്നു. രാഹുലിൻ്റെ ഇന്ത്യയിലെ അവധിക്കാലം അവസാനിച്ചു എന്ന് ബിജെപി പരിഹസിച്ചു. വിവാദം ബിജെപി ആസൂത്രണം ചെയ്തതെന്ന് എഐസിസി പ്രതികരിച്ചു.
കോൺഗ്രസ് ആസ്ഥാനത്ത് 136 ആം സ്ഥാപനദിനത്തിൽ പതാക ഉയർത്തിയത് ഇന്ന് എൺപതാം ജൻമദിനം ആഘോഷിക്കുന്ന എ കെ ആൻ്റണിയാണ്. സോണിയ ഗാന്ധിക്ക് സുഖമില്ലാത്തതിനാൽ എ കെ ആൻ്റണിയെ നിയോഗിച്ചു എന്നാണ് വിശദീകരണം. എന്നാൽ ചടങ്ങിലും ചർച്ചയായത് രാഹുൽ ഗാന്ധിയുടെ അസാന്നിധ്യമാണ്. എഐസിസി ആസ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി. ഖത്തർ വഴി രാഹുൽ ഗാന്ധി ഇറ്റലിയിലെ മിലാനിലേക്ക് പോയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അമ്മയെ കാണാനാണ് യാത്രയെന്നാണ് സൂചന. രാഹുൽ കുറച്ചു ദിവസം ഇന്ത്യയിലുണ്ടാവില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അനാവശ്യ വിവാദമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു.
കർഷകസമരം നടക്കുമ്പോൾ രാഹുൽ വിട്ടുനില്‍ക്കുന്നതിനെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ചോദ്യം ചെയ്തു. ഇന്ത്യയിലെ അവധി തീർന്നപ്പോൾ രാഹുൽ പോയെന്നായിരുന്നു ബിജെപി നേതാവ് ഗിരിരാജ് സിംഗിൻ്റെ പ്രതികരണം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുലിനെതിരെ രംഗത്തുവന്നു. കാരണം രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്ന് തിരുത്തൽ ആവശ്യപ്പെട്ട കത്ത് എഴുതിയ നേതാക്കൾ പ്രതികരിച്ചു. യുപിഎ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശരദ്പവാറിനെ കൊണ്ടു വരണം എന്ന വാദവും ശക്തമാകുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ ഈ വിട്ടുനില്‍ക്കല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam