
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ത്യാസഖ്യം ഇന്ന് പ്രഖ്യാപിച്ച ജനകീയ കുറ്റവിചാരണ മാറ്റിയതിനെ പരിഹസിച്ച് ബി ജെ പി. പ്രതികൂല കാലാവസ്ഥയാണ് ഇന്നത്തെ പരിപാടി നാളത്തേക്ക് മാറ്റാൻ കാരണമായി ഇന്ത്യ സഖ്യം പറഞ്ഞതെങ്കിലും ഐക്യമില്ലായ്മയാണ് കാരണമെന്നാണ് ബി ജെ പിയുടെ പരിഹാസം. പ്രതികൂല കാലാവസ്ഥയും മഴയുമൊന്നുമല്ല, ഇന്ത്യ മുന്നണിക്കുള്ളിലെ അസ്വാരസ്യവും ഐക്യമില്ലായ്മയുമാണ് പരിപാടി മാറ്റാൻ കാരണമെന്നാണ് ബി ജെ പി ദേശീയ വക്താവ് സമ്പീത് പത്ര അഭിപ്രായപ്പെട്ടത്. കുറ്റവിചാരണ മാറ്റിവച്ചത് പാർട്ടികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണ്. പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച പലരും പിന്മാറിയെന്നും സമ്പീത് പത്ര കൂട്ടിച്ചേർത്തു. പാർലമെന്‍റിനെ അപമാനിക്കുന്നതിനോട് ആ മുന്നണിയിലെ പലരും എതിർപ്പ് അറിയിച്ചു. മോക്ക് പാർലമെന്‍റ് എന്ന പേര് ജനകീയ കുറ്റവിചാരണയാക്കി മാറ്റിയത് പോലും ഈ സമ്മർദ്ദം കൊണ്ടെന്നും സമ്പിത് പത്ര ആരോപിച്ചു. രാംലീല മൈതാനത്ത് നവംബർ 1 പ്രഖ്യാപിച്ച മഹാറാലിക്കെത്തുന്നവരെ തടയുന്നുവെന്ന കോൺഗ്രസ് ആരോപണവും ബി ജെ പി തള്ളി. ഒരിടത്തും ആരെയും തടയുന്നില്ല. അങ്ങനെ തടയുന്നുണ്ടെങ്കിൽ അതിന്‍റെ തെളിവ് ഹാജരാക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നുവെന്നും സമ്പീത് പത്ര വ്യക്തമാക്കി. റാലിക്ക് ആളെ കിട്ടാത്തതിനാൽ വ്യാജപ്രചാരണം നടത്തുകയാണെന്നും സമ്പീത് പത്ര കൂട്ടിച്ചേർത്തു.
അതേസമയം ഗ്യാനേഷ് കുമാറിനെതിരായ ജനകീയ കുറ്റവിചാരണ ദില്ലിയിലെ മോശം കാലാവസ്ഥ കണക്കിലെടുത്ത് നാളെത്തേക്ക് മാറ്റിയെന്നാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചത്. നാളെ ഉച്ചക്ക് ശേഷം രണ്ടരക്ക് പരിപാടി സംഘടിപ്പിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ദില്ലിയിൽ കനത്ത മഴയാണെന്നും മുതിർന്ന നേതാക്കൾക്ക് ഒരുപാട് സമയം മഴയത്ത് നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രാഹുൽ കൂട്ടിച്ചേർത്തു. നവംബർ 1 ന് രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യത്തിന്‍റെ അടുത്ത ഘട്ട പ്രതിഷേധം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ജനസമൂഹം രാംലീലയിലേക്ക് എത്തും. ഗ്യാനേഷിനെതിരായ പ്രതിഷേധം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണെന്നും എല്ലാവരും അണിനിരക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. മറ്റന്നാളത്തെ ജനപങ്കാളിത്തം എങ്ങനെയെന്ന് കാത്തിരുന്ന് കണ്ടോളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക് സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറാകും. നാളെ ഉച്ചക്ക് ശേഷം രണ്ടരക്ക് നടപടികൾ തുടങ്ങും. മീരാകുമാര്‍ സ്പീക്കറാകുന്ന പ്രതീകാത്മക പാര്‍ലമെന്‍റില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖര്‍ഗെ ഗ്യാനേഷിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. എം പിമാരും ഇന്ത്യ സഖ്യ നേതാക്കളും സംസാരിക്കും. വോട്ടർ പട്ടിക പരിഷ്ക്കരണത്തോടെ വോട്ടവകാശം ഇല്ലാതായവരും അനുഭവങ്ങള്‍ പങ്കുവെക്കും. പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കര്‍ മീരാകുമാര്‍ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും. ഈ നിലയിലാകും പരിപാടി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam