
ദില്ലി: സി ജെ പി വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയുമായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിനെതിരെ ബി ജെ പി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണെന്ന് മുതിർന്ന ബി ജെ പി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ജൂലൈ 20 ലെ സംഭവവികാസങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടും രാഹുൽ ഗാന്ധി വഴങ്ങാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പെല്ലറ്റ് പ്രയോഗം അടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി വിശദമായി പരിശോധിച്ചു വരികയാണെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പാർലമെന്റ് സ്ട്രീറ്റിലെ സി പി ഒ ഓഫീസിൽ രാഹുൽ ഗാന്ധി കുത്തിയിരിപ്പ് സമരം തുടരുന്നതിനിടെയാണ് ബി ജെ പി നേതൃത്വം നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി സ്വാർത്ഥ ലാഭത്തിനായി മാത്രമാണ് ഈ വിഷയം ദുരുപയോഗം ചെയ്യുന്നതെന്ന് ബ ജെ പി നേതാവ് സ്മൃതി ഇറാനി ആരോപിച്ചു. പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിനെക്കുറിച്ച് നിലവിൽ അന്വേഷണം നടന്നുവരികയാണെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുമ്പോൾ ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് നേരിട്ടെത്തി സമരം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ബി ജെ പി വിമർശിച്ചു.
സി ജെ പിയുടെ വിദ്യാർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി മിന്നൽ സമരം നടത്തിയത്. ജൂലൈ 20 ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്‍റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്‍റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്. ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെന്‍റ് സ്ട്രീറ്റിലെ ഡി സി പി ഓഫിസിലേക്ക് എത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. ഡി സി പി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളിൽ നിന്ന് താഴെ വരെ ഉത്തരവാദപ്പെട്ടവർ ആരാണോ അവർ ശിക്ഷിക്കടണമെന്ന നിലപാടിൽ ഉറച്ചാണ് രാഹുൽ ഗാന്ധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam