ദില്ലിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. ന്യൂ സീമാപുരിയിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആണ് അപകടം ഉണ്ടായത്. ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിൽ നാലുനില കെട്ടിടമാണ് തകർന്നുവീണത്.
ദില്ലി: ദില്ലിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട സംഭവം നടന്ന് ഒരുമാസം പിന്നിട്ടതിന് പിന്നാലെ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. വടക്കുകിഴക്കൻ ദില്ലിയിലെ ന്യൂ സീമാപുരിയിലാണ് സംഭവം. നാലുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. സംഭവത്തിൽ ദില്ലി ഫയർ സർവീസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ചിലരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയതായും മൂന്നോ നാലോ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ പറഞ്ഞു. 225 ചതുരശ്ര അടി വിസ്തീർണമുള്ള നാലുനില കെട്ടിടമാണ് തകർന്നുവീണതെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് കടന്നുവരേണ്ടതിനാൽ ജനങ്ങൾ മേഖലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ദില്ലി പൊലീസ് എക്സിലൂടെ നിർദേശം നൽകി. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയതെന്നും ഒരു കുട്ടി കെട്ടിടത്തിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നും ചിലരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയെന്നും നാട്ടുകാരൻ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിൽ അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടകാരണം സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ദില്ലിയിൽ മറ്റൊരു കെട്ടിടത്തിൻ്റെ തകർച്ചയുണ്ടാകുന്നത്. സത്യനികേതനിൽ സെപ്റ്റംബർ ആറിനായിരുന്നു അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണത്. അപകടം നടക്കുന്നതിന് 10 ദിവസം മുമ്പ് നടത്തിയ നവീകരണ പ്രവൃത്തി കെട്ടിടത്തിൻ്റെ ഘടനയെ ദുർബലപ്പെടുത്തിയിരുന്നുവെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ കെട്ടിട ഉടമ ഉൾപ്പെടെ ഉള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


