'ഒമർ അബ്‍ദുള്ളയുടെ സങ്കടം ബിജെപിക്ക് തമാശ'; താടിവടിക്കാൻ റേസർ ബ്ലേഡ് കൊടുത്തയച്ച് തമിഴ്‌നാട് ഘടകം

By Web TeamFirst Published Jan 28, 2020, 12:51 PM IST
Highlights

ആമസോണിൽ നിന്ന് ഒരു സെറ്റ് റേസർ ബ്ലേഡ് വാങ്ങി ഒമറിന്റെ അഡ്രസ്സിൽ അയച്ച് അതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ്  ബിജെപി തമിഴ്‌നാട് ഘടകം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

ചെന്നൈ: വീട്ടുതടങ്കലിലായ ശേഷം നാലുമാസം പിന്നിടുന്ന ഒമർ അബ്ദുള്ളയുടെ ചിത്രം കഴിഞ്ഞ ശനിയാഴ്ച മുതൽ ഇന്റർനെറ്റിൽ തരംഗമായിരുന്നു. മമതാ ബാനർജിയും, സ്റ്റാലിനും, സീതാറാം യെച്ചൂരിയും അടക്കമുള്ള പല പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഈ ചിത്രം കണ്ട് നടുക്കവും സങ്കടവും രേഖപ്പെടുത്തിക്കൊണ്ട് പ്രതികരിക്കുകയുണ്ടായിരുന്നു. എന്നാൽ, ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ട്വിറ്റർ ഹാൻഡിൽ ഈ ചിത്രത്തിനെപ്പോലും ഒമർ അബ്ദുള്ളയെ ട്രോളാനുള്ള അവസരമാക്കി മാറിയിരിക്കയാണ് 

ആമസോണിൽ നിന്ന് ഒരു സെറ്റ് റേസർ ബ്ലേഡ് വാങ്ങി ഒമറിന്റെ അഡ്രസ്സിൽ അയച്ച് അതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ്  ബിജെപി തമിഴ്‌നാട് ഘടകം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം ഒരു സന്ദേശവുമുണ്ട്, " ഡിയർ ഒമർ അബ്ദുള്ള, നിങ്ങളുടെ അഴിമതിക്കാരായ സകല സ്നേഹിതരും പുറത്ത് അർമാദിക്കുമ്പോൾ അക്കൂട്ടത്തിൽ പെട്ട നിങ്ങൾ മാത്രം ഇങ്ങനെ പ്രയാസപ്പെടുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടമുണ്ട്. 

ഞങ്ങളുടെ ഭാഗത്തുനിന്ന് ഒരു എളിയ സംഭാവനയായി ഇത് സ്വീകരിക്കുക. ഇത് ഉപയോഗിക്കുന്ന കാര്യത്തിൽ എന്തെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ സഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സമീപിക്കാൻ മടിക്കരുത്. "

നാലഞ്ച് മാസത്തെ വീട്ടുതടങ്കലിനു ശേഷം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ചിത്രമായിരുന്നു ഇത്. ഇതിൽ നേരിയ ഒരു ചിരിയോടെയാണ് ഒമർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എങ്കിലും, ആ ചിരിക്കു പിന്നിൽ വല്ലാത്തൊരു ദൈന്യത ഉള്ളതായി അനുഭവപ്പെടുന്നുണ്ട്. ആ ദൈന്യതയെ, ആ നിസ്സഹായതയെ ഈ ട്രോളിലൂടെ പരിഹസിക്കാൻ ശ്രമിച്ചത് വിവാദമായിരിക്കുകയാണ്. ഇതാദ്യമായിട്ടല്ല ബിജെപി തമിഴ്നാട് ഘടകം തങ്ങളുടെ ട്വീറ്റുകളുടെ പേരിൽ വിവാദത്തിൽ പെടുന്നത്.  ഇവി രാമസ്വാമി എന്ന പെരിയാറുടെ നാല്പത്താറാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അപമാനിച്ചുകൊണ്ടുള്ള പരാമർശം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. @BJP4TamilNadu എന്ന വെരിഫൈഡ് ട്വിറ്റർ ഹാൻഡിലിൽ നിന്ന് പുറത്തുവന്ന ഈ  ട്വീറ്റ് ഏതാനും മിനിട്ടുകൾക്കകം തന്നെ അവർക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു. 

ബിജെപി തമിഴ്നാട് ഘടകവും  പെരിയാറും തമ്മിലുള്ള ശത്രുത ഏറെക്കാലമായി നിലവിലുള്ള ഒന്നാണ്. 2018 -ൽ ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടപ്പോൾ അന്ന് സംസ്ഥാനത്തെ ബിജെപി നേതാവായ എച്ച് രാജ, അടുത്ത പെരിയാറിന്റെ പ്രതിമയാണ് തകർക്കപ്പെടാൻ പോകുന്നത് എന്ന് പ്രസ്താവിച്ചത് വൻ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. അന്ന് രാജയ്ക്കെതിരെ തെരുവിലിറങ്ങിയ ഡിഎംകെ ആവശ്യപ്പെട്ടത് രാജയെ ഗുണ്ടാ ആക്ട് പ്രകാരം ജയിലിൽ അടക്കണം എന്നാണ്.  അന്ന് രാജയെ കയ്യൊഴിഞ്ഞുകൊണ്ട് ബിജെപി നേതൃത്വം അത് രാജയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും, പാർട്ടിക്ക് അങ്ങനെ ഒരു അഭിപ്രായമില്ല എന്നും പറഞ്ഞിരിക്കുന്നു. 

click me!