
ദില്ലി: 2002 ലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢാലോചനക്ക് പിന്നിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണെന്ന് ബിജെപി. കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലും ടീസ്റ്റ സെതൽവാദുമുൾപ്പെടെയുള്ളവർ മോദിയെ പ്രതിയാക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് ഗുജറാത്ത് പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് സോണിയാ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തിയത്.
സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും കോൺഗ്രസ് നേതാവുമായ അന്തരിച്ച അഹമ്മദ് പട്ടേൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെ അസ്ഥിരപ്പെടുത്താനും പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയത്തെ തകർക്കാനും പ്രവർത്തിച്ച ഇടനിലക്കാരനാണെന്നും ബിജെപി വക്താവ് സംബിത് പത്ര പത്രസമ്മേളനത്തിൽ ആരോപിച്ചു.
അറസ്റ്റിലായ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷയെഎതിർത്ത് ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ട് നൽകിയതിന് തൊട്ടുപിന്നാലെയാണ് ബിജെപിയുടെ ആക്രമണം. മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അഴിച്ചുവിട്ട വർഗീയ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രത്തിന്റെ ഭാഗമാണ് പട്ടേലിനെതിരെയുള്ള ആരോപണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കൽ മരിച്ചുപോയവരെ പോലും വെറുതെ വിടുന്നില്ല. എസ്‌ഐടി അതിന്റെ രാഷ്ട്രീയ യജമാനന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസിന്റെ പ്രസ്താവന തരംതാണതാണെന്ന് സാംബിത് പാത്ര മറുപടി നൽകി. സെതൽവാദിനെയും മറ്റ് കുറ്റാരോപിതരെയും വിമർശിച്ചപ്പോഴും അവർക്കെതിരെ അന്വേഷിക്കാൻ ആവശ്യപ്പെട്ടപ്പോഴും സുപ്രീം കോടതിയും സമ്മർദത്തിന് വിധേയമായോ എന്നും ബിജെപി വക്താവ് ചോദിച്ചു. പ്രധാനമന്ത്രി മോദിക്കെതിരെ എന്തിനാണ് ഗൂഢാലോചന നടത്തിയതെന്ന് സോണിയ ഗാന്ധി പത്രസമ്മേളനം നടത്തി വിശദീകരിക്കണമെന്നും ആരോപണം പട്ടേലിനെതിരല്ലെന്നും സോണിയാ ഗാന്ധിയുടെ ഉപകരണം മാത്രമായിരുന്നു അദ്ദേഹമെന്നും ബിജെപി ആരോപിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ക്ക് വ്യാജരേഖകള്‍ നല്‍കിയെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത ടീസ്റ്റ സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam