
ദില്ലി: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്ത സാഹചര്യത്തിൽ ദേശീയ തലത്തിൽ അഭിനന്ദന പ്രവാഹങ്ങളുമായി നേതാക്കൾ. തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ വരാൻ പോകുന്നുവെന്നും ജനം മോദിയെ മാത്രമാണ് വിശ്വസിക്കുന്നതെന്ന് തെളിഞ്ഞുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വികസിത കേരളം ഉയർത്തി പ്രചാരണം നയിച്ച സംസ്ഥാന അധ്യക്ഷനും പ്രവർത്തകർക്കും അമിത് ഷാ അഭിനന്ദനം അറിയിച്ചു. എക്സിൽ മലയാളത്തിൽ പോസ്റ്റിട്ടാണ് അമിത് ഷായുടെ പ്രതികരണം. രാജീവ് ചന്ദ്രശേഖറിനും കാര്യകർത്താക്കൾക്കും അഭിനന്ദനങ്ങൾ എന്നും അമിത് ഷാ.
അമിത് ഷായുടെ എക്സ് പോസ്റ്റ്:
അമിത് ഷായുടെ എക്സ് പോസ്റ്റിന്റെ പൂർണ രൂപം:
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും മികച്ച വിജയം നൽകുകയും തിരുവനന്തപുരത്ത് ആദ്യമായി ബിജെപിക്ക് മേയറെ സമ്മാനിക്കുകയും ചെയ്ത കേരളത്തിലെ ജനങ്ങളോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. കേരളം പ്രധാനമന്ത്രി @narendramodi ജിയുടെ നേതൃത്വത്തിൽ മാത്രമാണ് വിശ്വാസമർപ്പിക്കുന്നതെന്ന സന്ദേശമാണ് ഈ വിജയത്തിലൂടെ വ്യക്തമാകുന്നത്. #VikasitaKeralam എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ @RajeevRC_X നും @BJP4Keralam കാര്യകർത്താക്കൾക്കും അഭിനന്ദനങ്ങൾ.- അമിത് ഷാ
അതേ സമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനകം എക്സിൽ 4 കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും ബി ജെ പി ദേശീയ നേതാക്കളുമെല്ലാം 'തലസ്ഥാന' വിജയം ആഘോഷമാക്കിയിട്ടുണ്ട്. എല്ലാവർക്കും പ്രിയം മലയാളത്തിലെ കുറിപ്പ് തന്നെയാണെന്നാണ് പ്രത്യേകത. കേരളത്തിലെ വിജയം ദേശീയ തലത്തിൽ വ്യാപക പ്രചാരണമാക്കിയിരിക്കുകയാണ് ബി ജെ പി നേതാക്കൾ. 'വികസിത കേരളം' എന്ന പ്രചരണത്തിലൂന്നിയാണ് കേന്ദ്രമന്ത്രിമാരടക്കമുള്ളവർ വിജയാഘോഷത്തിൽ പങ്കാളികളായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam