
ദില്ലി: കേന്ദ്ര ബജറ്റിലെ ആദായനികുതി ഇളവ് ദില്ലിയിൽ തെരഞ്ഞെടുപ്പ് പരസ്യത്തിൽ ഉപയോഗിച്ച് ബിജെപി. 12 ലക്ഷം വരെ നികുതി ഈടാക്കില്ല എന്ന നിർദ്ദേശം ദില്ലിക്കുള്ള സമ്മാനമെന്ന പരസ്യം നല്കിയാണ് ബിജെപി പ്രചാരണം. ദില്ലിയിൽ ആംആദ്മി പാർട്ടിയുടെ തരംഗം കണ്ട് ഗുണ്ടായിസത്തിലൂടെ അമിത് ഷാ നേതാക്കളെ കാലുമാറ്റുന്നു എന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
ലോക്സഭയിൽ മോദി മോദി വിളികളുമായി ആദായനികുതി ഇളവിനെ സ്വീകരിച്ച ഭരണപക്ഷം ദില്ലിയിൽ പ്രചാരണം അവസാനിക്കുമ്പോൾ മുഖ്യ ചർച്ചയാക്കി മാറ്റുകയാണ്. പന്ത്രണ്ടു ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി നല്കേണ്ടതില്ല എന്ന തീരുമാനം ഒരു കോടി പേരെ സഹായിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പത്ര പരസ്യങ്ങൾ. വികസിത ദില്ലി മോദിയുടെ ഗ്യാരൻറിയെന്നും പരസ്യത്തിൽ പറയുന്നു. ദില്ലിക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ പാടില്ല എന്ന നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നല്കിയിരുന്നു. ഈ സാഹചര്യത്തിൽ ബജറ്റ് നിർദ്ദേശങ്ങൾ ദില്ലിക്കുള്ള സമ്മാനമാണ് എന്ന പരസ്യം പെരുമാറ്റചട്ട ലംഘനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ദില്ലിയിലെ എട്ട് ആംആദ്മി പാർട്ടി എംഎൽഎമാർ ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു. അമിത് ഷാ പാർട്ടി നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു
പ്രചാരണം നാളെ അവസാനിക്കാനിരിക്കെ സർക്കാർ ജീവനക്കാർ അടക്കമുള്ള ഇടത്തരക്കാരെ ആകർഷിക്കാൻ കേന്ദ്ര ബജറ്റിലൂടെയായി എന്നാണ് ബിജെപി വിലിയിരുത്തൽ. അരവിന്ദ് കെജ്രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിൽ അടക്കം ആംആദ്മി പാർട്ടി ക്യാംപിൽ ആശങ്ക ദൃശ്യമാകുകയാണ്