ബിജെപിയെ ബംഗാളില്‍ നിന്നും ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കും: മമത ബാനര്‍ജി

By Web TeamFirst Published Feb 3, 2021, 9:47 PM IST
Highlights

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ ഭീരുക്കളാണെന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ടിക്കറ്റുകള്‍ പണത്തിന് വില്‍ക്കാനില്ലെന്നും മമത പറഞ്ഞു

കൊല്‍ക്കത്ത: ബംഗാളികളും അല്ലാത്തവരും തമ്മില്‍ സംസ്ഥാനത്ത് ഒരുവിധത്തിലുള്ള വ്യത്യാസമില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അകത്ത് നിന്നുള്ളവര്‍ പുറത്ത് നിന്നുള്ളവര്‍ എന്ന മമതയുടെ പരാമര്‍ശം വ്യാപകമായി വിമര്‍ശനം നേടിയ സാഹചര്യത്തിലാണ് മമതയുടെ വിശദീകരണം. ദേശീയ രജിസ്റ്റര്‍ രൂപീകരണ സമയത്ത് പോലും പശ്ചിമ ബംഗാളില്‍ ഒരു വേര്‍തിരിവുണ്ടായിട്ടില്ല. എന്നാല്‍ ബംഗാളിന്‍റെ ഭരണം സംബന്ധിച്ച് ഇത് വ്യത്യസ്തമാണ്. പുറത്തുനിന്നുള്ളവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബിജെപിയെ മാത്രമാണെന്നും മമത പറയുന്നു. 

അസമിലും ത്രിപുരയിലും എന്താണ് നടക്കുന്നതെന്ന് നമ്മള്‍ കാണുന്നതാണ്. എന്‍ആര്‍സിയുടെ കാര്യത്തില്‍ അവര്‍ എല്ലാവരേയും ഭയന്ന നിലയിലാണുള്ളത്. എന്‍പിആര്‍ എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പക്ഷേ നാമത് ചെയ്തിട്ടില്ലെന്ന് മാത്രമല്ല ചെയ്യാന്‍ അനുവദിക്കുകയുമില്ലെന്ന് അവര്‍ പറഞ്ഞു. ബംഗാളികളും അല്ലാത്തവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ബിഹാറികള്‍ക്കും ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്കും രാജസ്ഥാനില്‍ നിന്നുള്ളവര്‍ എന്നിങ്ങനെ ഒരു വ്യത്യാസവുമില്ലാതെയാണ് ഇവിടെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. അലിപൂര്‍ദ്വാറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കള്‍ സാംസ്കാരികപരമായി പശ്ചിമ ബംഗാളുമായുള്ള അന്തരം കുറവാണെന്ന് പ്രകടമാക്കുന്ന രീതിയിലാണ് പെരുമാറുന്നത്. ബജറ്റ് അവതരണത്തിനായി ബംഗാളി സാരി അണിഞ്ഞ് എത്തിയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രസംഗത്തിനിടെ ടാഗോറിന്‍റെ വരികള്‍ ഉദ്ധരിച്ചിരുന്നു. സ്വാമി വിവേകാന്നദന്‍റെയും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റേയും ജന്മദിനാനത്തില്‍ ഏറെ ആഘോഷത്തോടെയുള്ള പരിപാടികളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്. തങ്ങള്‍ ബിജെപിയെ ബംഗാളില്‍ നിന്നും ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കുമെന്നനും ഭയപ്പെടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ ഭീരുക്കളാണെന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ടിക്കറ്റുകള്‍ പണത്തിന് വില്‍ക്കാനില്ലെന്നും അവര്‍ പറഞ്ഞു. 

click me!