മഹാരാഷ്ട്രയിൽ കളം പിടിക്കാൻ ബിജെപി; വിമതർക്ക് ബിജെപി നിയമസഹായം ഉറപ്പാക്കും

Published : Jun 24, 2022, 06:38 AM IST
മഹാരാഷ്ട്രയിൽ കളം പിടിക്കാൻ ബിജെപി; വിമതർക്ക് ബിജെപി നിയമസഹായം ഉറപ്പാക്കും

Synopsis

ഇന്നലെ രാത്രി 2 സ്വതന്ത്ര എംഎൽഎ മാർകൂടി ഗുവാഹത്തിയിലെ ഹോട്ടലിൽ എത്തിയതോടെ ഷിൻഡേക്ക് ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 46 ആയി.

ദില്ലി :ഏകനാഥ് ഷിൻഡെയെ (Eknath shinde) നിയമസഭാ കക്ഷി നേതാവ് ആയും ഭരത്ഷെട്ട് ഗോഗാ വാലെയെ ചീഫ് വിപ്പായും തിരഞ്ഞെടുത്തു എന്നറിയിച്ചു 37 ശിവസേന (shivsena)എംഎൽഎമാർ ഒപ്പിട്ട കത്ത് ഷിൻഡെ ഡെപ്യുട്ടി സ്പീക്കർക്കും, ഗവർണർക്കു അയച്ചു.ഇന്നലെ രാത്രി 2 സ്വതന്ത്ര എംഎൽഎ മാർകൂടി ഗുവാഹത്തിയിലെ ഹോട്ടലിൽ എത്തിയതോടെ ആകെ എംഎൽഎമാരുടെ എണ്ണം 46 ആയി.


ഇതിനിടെ വിമതർക്ക് നിയമസഹായം ഉറപ്പാക്കി ബിജെപി.(bjp).അയോഗ്യരാക്കിയാൽ സുപ്രീംകോടതിയെ സമീപിക്കാൻ സഹായം നൽകും. ഇത് സംബന്ധിച്ച് ഷിൻഡേ മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചു. 

മഹാനാടകം തുടരുന്നു: രണ്ട് ശിവസേന എംഎൽഎമാർ കൂടി അസമിലെ ഹോട്ടലിൽ; വെല്ലുവിളിച്ച് ഷിന്റേ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. സംസ്ഥാനത്തെ രണ്ട് ശിവസേന എംഎൽഎമാർ കൂടെ അസമിലെ ഗുവാഹത്തിയിൽ ഏക്നാഥ് ഷിന്റേയുടെ നേതൃത്വത്തിൽ വിമത അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. ഇതോടെ വിമത ശബ്ദം ഉയർത്തി പുറത്ത് പോയ എംഎൽഎമാരുടെ എണ്ണം 44 ആയി. ആരെയാണ് ഭയപ്പെടുത്താൻ നോക്കുന്നതെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 12 എംഎൽഎമാർക്കെതിരെ പരാതി കൊടുത്തു. അങ്ങനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും യഥാർത്ഥ ശിവസേന തങ്ങളാണെന്നും ഷിൻഡെ ട്വിറ്റർ ഹാന്റിലിൽ എഴുതി. തങ്ങൾക്കും നിയമം അറിയാമെന്നും അദ്ദേഹം കുറിച്ചു.

സംസ്ഥാനത്ത് മുന്നണിക്കുള്ള ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ഉദ്ദവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശരദ് പവാർ. വിമത എംഎൽഎമാർ മുംബൈയിൽ തിരികെ എത്തിയാൽ സാഹചര്യം മാറുമെന്ന പ്രതീക്ഷയിലാണ് ഇവർ. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ദില്ലിയിൽ പോയി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തും. ശിവസേനയും എൻസിപിയും നടത്തുന്ന നീക്കങ്ങളെ ചെറുക്കാനുള്ള തന്ത്രങ്ങളാണ് ഇന്ദ്രപ്രസ്ഥത്തിലെ ചർച്ചകളിൽ ഉരുത്തിരിയുക.

മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് ഇവിടെ നിന്നുള്ള വിവരം. തത്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാതെ കരുതലോടെയാണ് അവർ മുന്നോട്ട് പോകുന്നത്. കോൺഗ്രസ്- എൻസിപി സഖ്യം ഉപേക്ഷിച്ചാൽ വിമതർ തിരികെ വരുമെങ്കിൽ അതിനും തയ്യാറാണെന്ന് പറഞ്ഞത് ശിവസേന നേതാവ് സഞ്ജയ് റാവത്താണ്. എന്നാൽ ഇതിനെ തൊണ്ടതൊടാതെ വിഴുങ്ങാൻ ബിജെപി ഒരുക്കമല്ല. കരുതലോടെയാണ് ബിജെപി ക്യാംപ് മുന്നോട്ട് പോകുന്നത്. ശിവസേനയിലെ പിളർപ്പിന് പിന്നിൽ തങ്ങളാണെന്ന ആരോപണം തള്ളുന്നതല്ലാതെ വിവാദത്തിൽ പ്രത്യക്ഷമായ യാതൊരു പ്രതികരണവും ബിജെപി നടത്തിയിട്ടില്ല. ഏക്നാഥ് ഷിൻഡെയുടെ കൂടെ നിൽക്കുന്ന ശിവസേന എംഎൽഎമാർ നിലപാട് മാറ്റുമോയെന്നും ബിജെപി സംശയിക്കുന്നുണ്ട്.

എല്ലാ എംഎൽഎമാരുടെയും അഭിപ്രായം മഹാസഖ്യം സഖ്യം വിടാനാണെങ്കിൽ അത് പരിഗണിക്കാമെന്നും അതാഗ്രഹിക്കുന്നവർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. റിസോട്ടിലേക്ക് മാറിയ വിമത എംഎൽഎമാര്‍ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെട്ടിരുന്നു. മഹാ വികാസ് അഖാഡി സഖ്യം വിടാമെന്ന ശിവസേനയുടെ ഇപ്പോഴത്തെ പ്രസ്താവന, പാർട്ടി നേരിടുന്ന പിളർപ്പിനെ മറികടക്കാനും എംഎൽഎമാരെ തിരിച്ചെത്തിച്ച് വരുതിയിൽ നിർത്താനുമുള്ള തന്ത്രമാണെന്നാണ് ബിജെപി സംശയിക്കുന്നത്.

ശിവസേന എംഎൽഎമാരെ ബിജെപിയിൽ ലയിപ്പിച്ച് കൂറുമാറ്റ നിയമം മറികടക്കുകയോ, അല്ലെങ്കിൽ ഉദ്ധവ് താക്കറെ ഇപ്പോഴത്തെ സഖ്യം വിടാൻ നിർബന്ധിതനാക്കുകയോ ചെയ്യുകയാണ് എൻഡിഎ ലക്ഷ്യമിടുന്നത്. രണ്ടായാലും ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയും ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും ആകാനുള്ള സാഹചര്യം ഉരുത്തിരിയുമെന്നും ബിജെപി കരുതുന്നു. മഹാ വികാസ് അഘാടി സഖ്യം വിടില്ലെന്നാണ് ഉദ്ധവ് താക്കറെ എൻസിപിയേയും കോൺഗ്രസിനേയും അറിയിച്ചത്. രണ്ട് പാർട്ടികളും സ്ഥിതി നിരീക്ഷിക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് ഇപ്പോൾ ആവശ്യപ്പെടേണ്ടെന്ന് ബിജെപി തീരുമാനിച്ച സാഹചര്യത്തിൽ നാടകം ഇനിയും നീളാനാണ് സാധ്യത.
 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു