ഹിജാബ് ധരിച്ച് ഹൈന്ദവ ആഘോഷത്തില്‍ പങ്കെടുത്തു; ബിജെപി മുസ്ലിം വനിതാ നേതാവിന് ഭീഷണിയെന്ന് പരാതി

By Web TeamFirst Published Jul 18, 2019, 3:00 PM IST
Highlights

ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ തന്നെ സ്വസമുദായത്തില്‍നിന്നുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നും വീട് ഒഴിയണമെന്നും ആവശ്യപ്പെട്ടതായി ഇസ്രത് ജഹാന്‍ ആരോപിച്ചു.

ഹൗറ: ഹിജാബ് ധരിച്ച് ഹൈന്ദവ ആഘോഷത്തില്‍ പങ്കെടുത്ത ബിജെപി മുസ്ലിം വനിതാ നേതാവിനെതിരെ ഭീഷണിയെന്ന് പരാതി. ബംഗാളിലെ ബിജെപി നേതാവ് ഇസ്രത് ജഹാനെതിരെയാണ് ഭീഷണി. താമസിക്കുന്ന വീട്ടില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഉടമ ആവശ്യപ്പെട്ടതായി ഇസ്രത് ജഹാന്‍ ആരോപിച്ചു. ഭീഷണിയെ തുടര്‍ന്ന് ചൊവ്വാഴ്ച പൊലീസിന് പരാതി നല്‍കി.

ഹൗറയിലെ എസി മാര്‍ക്കറ്റില്‍ നടന്ന ഹനുമാന്‍ ചാലിസയില്‍ ഇസ്രത് ജാഹാന്‍ പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം വീട്ടിലെത്തിയ തന്നെ സ്വസമുദായത്തില്‍നിന്നുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നും വീട് ഒഴിയണമെന്നും ആവശ്യപ്പെട്ടതായി ഇവര്‍ ആരോപിച്ചു. ഹിജാബ് ധരിച്ച് ഹൈന്ദവ ആഘോഷത്തില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്തായിരുന്നു ഭീഷണിയെന്നും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

വീടിന് മുന്നിലെത്തിയ സംഘം, തന്നോട് ഉടന്‍ വീടൊഴിയണമെന്നും അല്ലെങ്കില്‍ ബലമായി പിടിച്ചിറക്കുമെന്നും ഭീഷണിപ്പെടുത്തി. ഏത് നിമിഷവും തനിക്ക് എന്തും സംഭവിക്കാമെന്നും പൊലീസ് സുരക്ഷ നല്‍കണമെന്നും ഇവര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുത്തലാഖ് വിഷയത്തില്‍ പരാതി നല്‍കിയ വനിതകളിലൊരാളാണ് ഇസ്രത് ജഹാന്‍.

click me!