ഹൈദരാബാദിലെ പബ്ബിൽ പീഡനശ്രമം; യുവമോർച്ച നേതാവിനെതിരെ ബി​ഗ്ബോസ് താരത്തിന്റെ പരാതി

By Web TeamFirst Published Dec 1, 2019, 7:39 PM IST
Highlights

ആശിഷും കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും ചേർന്ന് തന്റെയും സുഹൃത്തുക്കളുടെയും കയ്യിൽ കയറി പിടിക്കുകയും മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. മദ്യകുപ്പികൾ നിലത്ത് വലിച്ചെറിയുകയും അസഭ്യം പറയുകയും ചെയ്തിരുന്നതായും യുവതി പരാതിയിൽ ആരോപിച്ചു. 

ഹൈദരാബാദ്: ഹൈദരാബാദിൽ ബിജെപി യുവമോർച്ച നേതാവിനെതിരെ പീഡനക്കേസ്. തെലുങ്ക് ബി​ഗ്ബോസ് പരിപാടിയിലെ മുൻ മത്സരാർത്ഥിയും മോഡലുമായ യുവതിയുടെ പരാതിയിൽ ആശിഷ് ഘോഷിനെതിരെയാണ് മധാപൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവും മുൻ എംഎൽഎയുമായ ടി നന്ദേശ്വർ ​ഗൗഡയുടെ മകനാണ് ആശിഷ് ഘോഷ്. 2016ല്‍ ബിജെപിയില്‍ ചേർന്ന ടി നന്ദേശ്വർ ​ഗൗഡ കഴിഞ്ഞദിവസമാണ് ബിജെപി വിട്ട് ടിഡിപിയില്‍ ചേക്കേറിയത്.

ഡിസംബർ ഒന്നിന് പുലർച്ചെ രണ്ട് മണിക്ക് സൈബറാബാദിലെ ഒരു ഹോട്ടലിലെ പബ്ബിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹോട്ടലിലെ പരിപാടിയിൽ പങ്കെടുത്തുക്കൊണ്ടിരിക്കെ പാട്ട് കേൾക്കുന്നതിനായി ഒരിടത്തേക്ക് മാറി നിന്നതായിരുന്നു യുവതിയും സുഹൃത്തുക്കളും. ഇതിനിടെ അവിടുത്തേക്ക് വന്ന ആശിഷും സുഹൃത്തുക്കളും തന്നോടും സുഹൃത്തുക്കളോടും മോശമായി പെരുമാറുകയായിരുന്നുവെന്ന് 27കാരി പരാതിയിൽ പറഞ്ഞു.

ആശിഷും കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും ചേർന്ന് തന്റെയും സുഹൃത്തുക്കളുടെയും കയ്യിൽ കയറിപ്പിടിക്കുകയും മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. മദ്യക്കുപ്പികൾ നിലത്ത് വലിച്ചെറിയുകയും അസഭ്യം പറയുകയും ചെയ്തിരുന്നതായും യുവതി പരാതിയിൽ ആരോപിച്ചു. യുവതിയുടെ പരാതിയിൽ ആശിഷിനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍, സംഭവത്തിന് ശേഷം ആശിഷ് ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.

അതേസമയം, യുവതിയോട് മോശമായി പെരുമാറിയെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെ ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളോട് പ്രതികരിച്ച് ആശിഷ് രം​ഗത്തെത്തിയിരുന്നു. യുവതിയോട് മോശമായി പെരുമാറിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ പരാതികാർ തെളിവുകൾ സഹിതം രം​ഗത്തുവരട്ടെയെന്നും ആശിഷ് പറഞ്ഞു. വ്യാജവാർത്തകൾ സൃഷ്ടിക്കുക എന്നത് ആളുക്കൾക്ക് ഇപ്പോഴൊരു ശീലമായിരിക്കുകയാണ്. ഇത്തരത്തിലുള്ള പരാതികളിലൊന്നും ​ഭയപ്പെടുന്നയാളല്ല താനെന്നും ആശിഷ് കൂട്ടിച്ചേർത്തു. 

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സം​ഗം ചെയ്ത് തീകൊളുത്തി കൊന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ തൂക്കി കൊല്ലണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് മണികൂറുകൾക്ക് ശേഷമാണ് പബിൽവച്ച് ആശിഷ് യുവതിയോട് മോശമായി പെരുമാറിയതെന്ന വാർത്ത പുറത്തുവരുന്നത്. പ്രതിഷേധമാർച്ചിൽ പങ്കെടുത്ത ചിത്രങ്ങൾ‌ ആശിഷ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

നവംബർ 28ന് പുലർച്ചെയായിരുന്നു വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ക്രൂരമായ ബലാത്സം​ഗത്തിന് ഇരയായതിന് ശേഷമാണ് യുവതിയെ പ്രതികൾ പെട്രോളി‍ ഒഴിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. കേസിലെ പ്രതികളായ മുഹമ്മദ് അരീഫ് (25), ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്തകുന്ത ചെന്നകേശവാലു എന്നിവരെ 14 ദിവസത്തെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. 27ന് രാത്രിയായിരുന്നു ഹൈദരാബാദിലെ ഷംസാബാദിൽ നാടിനെ ഞെട്ടി ക്രൂരകൃത്യം നടന്നത്. 
   

click me!