അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിം വേഷധാരികളെ വെടിവെക്കുന്നതായി ചിത്രീകരിക്കുന്ന എഐ നിർമ്മിത വീഡിയോ ബിജെപി എക്സിൽ പങ്കുവെച്ചത് വലിയ വിവാദമായി. ഇത് വംശഹത്യക്കുള്ള ആഹ്വാനമാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി

ഗുവാഹത്തി: മുസ്ലിം വേഷധാരികളായ രണ്ട് പേർക്ക് നേരെ അസം മുഖ്യമന്ത്രി തോക്കുപയോഗിച്ച് വെടിയുതിർക്കുന്നതിൻ്റെ എഐ വീഡിയോ എക്സിൽ പങ്കുവെച്ച് ബിജെപി. വിവാദമായ വീഡിയോ പിന്നീട് പിൻവലിച്ചെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. അസം ബിജെപിയുടെ എക്സിലെ ഔദ്യോഗിക ഹാൻഡിലിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പോയിന്റ് ബ്ലാങ്ക് ഷോട്ട് എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ റൈഫിൾ ഉപയോഗിച്ച് താടിയുള്ള, തൊപ്പി ധരിച്ച രണ്ട് വ്യക്തികളെ വെടിവെക്കുന്നതായാണ് കാണിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അസമിലെ ജനസംഖ്യയുടെ 90 ശതമാനവും മുസ്ലീങ്ങൾ ആകുമെന്നും ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്തിന്റെ സംസ്കാരം നശിക്കുമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ മുസ്ലിങ്ങൾക്കെതിരായ വംശഹത്യക്കുള്ള ആഹ്വാനമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. എഐ വീഡിയോ ഉപയോഗിച്ച് വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. വീഡിയോ ഡിലീറ്റ് ചെയ്തതുകൊണ്ട് കാര്യമില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രിം കോടതി സ്വമേധയാ കേസെടുക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. സമാനമായ രീതിയിൽ മുസ്ലീം വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾ പ്രചരിപ്പിച്ചതിന് ബിജെപിക്ക് സുപ്രിം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.