
ദില്ലി: കൊവിഡ് ലോക്ക് ലോക്ഡൗണ്‍ കാലയളവില്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സഹായം എത്തിച്ച 10 എംപിമാരുടെ പട്ടികയില്‍ രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്ത്. ബിജെപി എംപി അനില്‍ ഫിറോജിയയാണ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. വൈഎസ്ആർ കോൺഗ്രസ് നെല്ലൂർ എംപി അദാല പ്രഭാകര റെഡ്ഡിയാണ് രണ്ടാം സ്ഥാനത്ത്. ലോക്ഡൗണ്‍ കാലത്ത് സ്വന്തം മണ്ഡലങ്ങളിലെ എംപിമാരുടെ പ്രവര്‍ത്തനം മുൻനിർത്തി നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ സിസ്റ്റംസ് എന്ന അഭിപ്രായശേഖരണ സ്ഥാപനമാണ് സര്‍വേ നടത്തിയത്. ഒക്ടോബര്‍ ഒന്ന് മുതലാണ് സർവേ നടന്നത്. ജനങ്ങളുടെ നാമനിര്‍ദേശമനുസരിച്ച് തയ്യാറാക്കിയ 25 ലോക്‌സഭാ മണ്ഡലങ്ങളിൽ നടത്തിയ സർവേയിൽ നിന്നാണ് പത്ത് പേരടങ്ങിയ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
ഓരോ ലോക്സഭാ മണ്ഡലത്തിലെത്തിൽ ജനങ്ങളില്‍നിന്ന് നേരിട്ട് അഭിപ്രായം ചോദിച്ചറിഞ്ഞാണ് മികച്ച 10 എംപിമാരെയും തിരഞ്ഞെടുത്തതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. മണ്ഡലത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് ബിജെപി എംപിയുടെ പ്രതികരണവും റിപ്പോർട്ടിലുണ്ട്.
കൊവിഡ് തുടങ്ങിയപ്പോൾ, 30 ശതമാനം ആയിരുന്നു ഉജ്ജയിനിലെ മരണനിരക്ക്. അന്ന് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ജില്ലാ ഭരണകൂടത്തിനും തമ്മിൽ ബന്ധപ്പെടാൻ ഒരു കോൾ സെന്റർ സ്ഥാപിച്ചു. രോഗികൾക്ക് മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രിയുടെ സഹായത്തോടെ 250 കിടക്കകളും അഞ്ച് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും മണ്ഡലത്തിലേക്ക് എത്തിച്ചു. അങ്ങനെ ഇപ്പോൾ ഒരു ശതമാനം ആയി മരണനിരക്ക് കുറയ്ക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. മണ്ഡലത്തിലും രാജ്യത്തുടനീളവും സഹായങ്ങളെത്തിക്കാൻ രാഹുലിന് സാധിച്ചുവെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ രാഹുൽ ഗാന്ധിയുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്.
ഫിറോജിയ, റെഡ്ഡി, ഗാന്ധി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയപ്പോൾ, തൃണമൂൽ എംപി മഹുവ മൊയ്‌ത്ര, ബിജെപിയുടെ ബാംഗ്ലൂർ സൗത്ത് എംപി തേജസ്വി സൂര്യ, നാഷികിൽ നിന്നുള്ള ശിവസേന എംപി ഹേമന്ത് ഗോഡ്സെ, ശിരോമണി അകാലിദൾ എംപി സുഖ്ബീർ ബാദൽ, ഇൻഡോർ ബിജെപി എംപി ശങ്കർ ലാൽവാനി, ചെന്നൈ സൗത്തിന്റെ കോൺഗ്രസ് എംപി ടി സുമതി, നാഗ്പൂർ എംപി നിതിൻ ഗഡ്കരി എന്നിവരാണ് മറ്റ് ഏഴ് പേർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam