51 ഇടങ്ങളിൽ പാക് സൈന്യത്തെ ആക്രമിച്ചു; ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി ബിഎൽഎ    

Published : May 12, 2025, 04:45 PM IST
51 ഇടങ്ങളിൽ പാക് സൈന്യത്തെ ആക്രമിച്ചു; ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി ബിഎൽഎ    

Synopsis

പാകിസ്ഥാൻ ഒരേ സമയം ഭീകരത വളർത്തുകയും സമാധാനം പറയുകയുമാണ് ചെയ്യുന്നതെന്ന് ബിഎൽഎ. 

ക്വറ്റ: 51 ഇടങ്ങളിലായി പാകിസ്ഥാൻ സൈന്യത്തിന് നേരെ ആക്രമണങ്ങൾ നടത്തിയെന്ന അവകാശവാദവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. 71 ആക്രമണങ്ങളാണ് പാക് സൈന്യത്തെയും ഐഎസ്ഐയെയും ലക്ഷ്യമിട്ട് നടത്തിയതെന്ന് ബിഎൽഎ പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്ഥാൻ ഒരേ സമയം ഭീകരത വളർത്തുകയും സമാധാനം പറയുകയുമാണ് ചെയ്യുന്നത്. പാകിസ്ഥാനിൽ നിന്നുള്ള സമാധാനം, വെടിനിർത്തൽ, സാഹോദര്യം എന്നിവയെക്കുറിച്ചുള്ള ഓരോ വാക്കും വെറും വഞ്ചനയും താൽക്കാലിക യുദ്ധ തന്ത്രവും മാത്രമാണെന്ന് ഇന്ത്യയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ബി‌എൽ‌എ വ്യക്തമാക്കി. 

പാക് സൈനിക വാഹനവ്യൂഹങ്ങൾ, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ, ധാതു ഗതാഗത വാഹനങ്ങൾ എന്നിവയായിരുന്നു ലക്ഷ്യമിട്ടതെന്ന് ബിഎൽഎ അറിയിച്ചു. ശത്രുവിനെ നശിപ്പിക്കുക മാത്രമല്ല, ഭാവിയിലെ സംഘടിത യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുക എന്നതും സൈനിക ഏകോപനം, കരയിലെ നിയന്ത്രണം, പ്രതിരോധ സ്ഥാനങ്ങൾ എന്നിവ പരീക്ഷിക്കുക എന്നതുമായിരുന്നു ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്നും ബിഎൽഎ വ്യക്തമാക്കി. മേഖലയിലെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ സൈനിക, രാഷ്ട്രീയ രൂപീകരണത്തിൽ തങ്ങൾക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും ആ സ്ഥാനത്തെക്കുറിച്ച് പൂർണ്ണ ബോധ്യമുണ്ടെന്നും ബിഎൽഎ കൂട്ടിച്ചേർത്തു. 

പാകിസ്ഥാന്റെ സൈനിക, രഹസ്യാന്വേഷണ സ്ഥാപനമായ ഐ.എസ്.ഐ ഭീകരതയുടെ വിളനിലമാണെന്ന് ബി.എൽ.എ ആരോപിച്ചു. ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഐഎസ്ഐഎസ് തുടങ്ങിയ മാരക ഭീകര സംഘടനകളുടെ വളർത്തുകേന്ദ്രം കൂടിയാണ് പാകിസ്ഥാനെന്നും ബിഎൽഎയുടെ പ്രസ്താവനയിൽ പറയുന്നു. സമാധാനപരവും, സമൃദ്ധവും, സ്വതന്ത്രവുമായ ഒരു ബലൂചിസ്ഥാന് വഴിയൊരുക്കുമെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തോട് രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പിന്തുണ നൽകണമെന്ന് ബിഎൽഎ അഭ്യർത്ഥിച്ചു. ലോകത്തിൽ നിന്ന്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പിന്തുണ ലഭിച്ചാൽ ബലൂച് രാഷ്ട്രത്തിന് പാകിസ്ഥാൻ എന്ന തീവ്രവാദ രാഷ്ട്രത്തെ ഇല്ലാതാക്കാൻ കഴിയുമെന്നും സംഘടന വ്യക്തമാക്കി. 

പാകിസ്ഥാന്റെ നിലവിലെ സ്ഥിതിഗതികൾ ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ബിഎൽഎ മുന്നറിയിപ്പ് നൽകി. പാകിസ്ഥാനെ ഇങ്ങനെ സഹിക്കുന്നത് മുഴുവൻ ലോകത്തിന്റെയും നാശത്തിന് കാരണമായേക്കാം. പാകിസ്ഥാനെ പോലെയൊരു രാജ്യത്തിന്റെ പക്കലുള്ള ആണവായുധം മേഖലയ്ക്ക് മാത്രമല്ല, ആഗോള സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്നും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി കൂട്ടിച്ചേർത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം