
ശ്രീനഗർ: അതിർത്തി ഗ്രാമങ്ങളിൽ സമാധാനത്തോടെ കഴിയാനുള്ള വഴി ഇന്ത്യ, പാക് സർക്കാരുകൾ ഒരുക്കണമെന്ന് പൂഞ്ചിൽ കൊല്ലപ്പെട്ട ഇരട്ടക്കുട്ടികളുടെ കുടുംബം. പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഉർവ ഫാത്തിമയും സെയിൻ അലിയും ആ നാടിന്‍റെയാകെ കണ്ണീരായി മാറി. ഷെല്ലാക്രമണമുണ്ടാകുമ്പോൾ ഓരോ തവണയും നാട് വിട്ട് പോകേണ്ട അവസ്ഥയിലാണെന്നും സമാധാനം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
12 വയസ്സാണ് സെയ്ൻ അലിയുടെയും ഉർവ ഫാത്തിമയുടെയും പ്രായം. ക്രൈസ്റ്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. മെയ് 7 ന് പുലർച്ചെ പൂഞ്ചിലുണ്ടായ പാക് ആക്രമണത്തിലാണ് സെയ്ൻ അലിയുടെയും ഉർവ ഫാത്തിമയുടെയും ജീവൻ പൊലിഞ്ഞത്. അഞ്ച് മിനിട്ട് മാത്രം വ്യത്യാസത്തിൽ ഇരുവരും കൊല്ലപ്പെട്ടു. കുട്ടികളുടെ പിതാവ് റമീസ് ഖാൻ (44) പരിക്കേറ്റ് ചികിത്സയിലാണ്. വാരിയെല്ലിന് ഉൾപ്പെടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.
പൂഞ്ചിലെ പാക് ആക്രമണം കണ്ട് ഭയന്ന് വീട്ടിൽ നിന്ന് മാറിനിൽക്കാൻ ഉർവയുടെയും സെയിനിന്‍റെയും കുടുംബം തീരുമാനിച്ചു. ബന്ധുവീട്ടിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു നാലംഗ കുടുംബം. അമ്മാവൻ കാറുമായി കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരുന്നു. കാറിനടുത്തേക്ക് നടക്കവേയാണ് ഷെല്ലാക്രമണത്തിൽ വീട് തകർന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടികൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പിതാവ് റമീസിനും ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ കുട്ടികളുടെ അമ്മ ബന്ധുവിന്‍റെ സഹായത്തോടെ കുട്ടികളെയും റമീസിനെയും ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. റമീസും ഭാര്യയും ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മക്കളെ സ്വന്തം കണ്‍മുന്നിൽ നഷ്ടപ്പെട്ട ആഘാതത്തിലാണ് ആ അമ്മയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടികളെ നഷ്ടമായ ശേഷം ഇതുവരെ അമ്മ സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
കൺമുന്നിൽ വെച്ച് അമ്മ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിൽ നാല് പെണ്‍മക്കൾ
പാക് ഷെല്ലാക്രമണത്തിൽ കൺമുന്നിൽ വെച്ച് അതിദാരുണമായി അമ്മ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടിലിലാണ് ഉറി സ്വദേശിയായ സനം എന്ന പതിനെട്ടുകാരി. സനത്തിന്‍റെ അമ്മയാണ് നർഗീസ് ബീഗം. പാക് ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷ തേടി ബന്ധു വീട്ടിലേക്ക് പലായനം ചെയ്യുന്നതിനിടെ സഞ്ചരിച്ച വാഹനം കുത്തിത്തുളച്ചെത്തിയ പാക് ഷെൽ ചീളുകൾ നർഗീസിന്‍റെ ജീവനെടുക്കുകയായിരുന്നു. നർഗീസിന്‍റെ രണ്ടാമത്തെ മകളുടെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയാണ് കുടുംബത്തെ തേടി ഈ ദുരന്തമെത്തിയത്. തങ്ങളോടൊപ്പം ഇരിക്കവെ അപ്രതീക്ഷിതമായെത്തിയ അമ്മയുടെ ദാരുണ മരണം ഏല്‍പ്പിച്ച ആഘാതത്തിന്‍റെ ഞെട്ടല്‍ മാറാതെ പകച്ചു നിൽക്കുന്ന നാല് പെൺ മക്കളെയാണ് നർഗീസിന്‍റെ കുടുംബത്തെ കാണാൻ എത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കാണാന്‍ കഴിഞ്ഞത്.
സംഭവ ദിവസം നർഗീസ് ബാനുവിന്‍റെ ഭര്‍ത്താവ് പ്രമേഹം കൂടി ആശുപത്രിയിലായിരുന്നു. പാക് ഷെല്ലാക്രമണം വർദ്ധിച്ചതോടെ രാജബാനിയില്‍ നിന്നും ബാരാമുള്ളയിലുള്ള സുരക്ഷിതമായ ബന്ധുവീട്ടിലേക്ക് തന്‍റെ രണ്ട് ആണ്‍ മക്കളെയും നാല് പെണ്‍മക്കളെയും കൂട്ടി ജീവനും കൊണ്ട് രക്ഷപ്പെടുന്നതിനിടെയാണ് ചിതറിത്തെറിച്ച പാക് ഷെല്ലിന്‍റെ ഒരു കഷ്ണം വാഹനം തുളച്ച് 45 കാരിയായ നർഗീസ് ബാനുവിന്‍റെ തലയില്‍ തുളച്ച് കയറിയത്. തൽക്ഷണം അവര്‍ മരിച്ചു. കണ്‍മുന്നില്‍ അമ്മയെ നഷ്ടപ്പെട്ട മക്കളില്‍ ഇന്നും ആ നടുക്കം വിട്ട് മാറിയിട്ടില്ല. കണ്‍മുന്നില്‍ സംഭവിച്ച അമ്മയുടെ മരണത്തില്‍ പരസ്പരം ആശ്വസിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് മക്കൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam