രാജ്യത്ത് ബ്ലാക്ക് ഫം​ഗസ് ബാധ വർധിക്കുന്നു; ഇതുവരെ 126 പേർ മരിച്ചു; വലിയ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

Web Desk   | Asianet News
Published : May 21, 2021, 02:04 PM ISTUpdated : May 21, 2021, 02:23 PM IST
രാജ്യത്ത് ബ്ലാക്ക് ഫം​ഗസ് ബാധ വർധിക്കുന്നു; ഇതുവരെ 126 പേർ മരിച്ചു; വലിയ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

Synopsis

രാജ്യത്തെ  പത്തിലധികം  സംസ്ഥാനങ്ങളിൽ മ്യൂക്കോർമൈക്കോസിസ് ( ബ്ലാക്ക് ഫംഗസ്)  ബാധ സ്ഥിരീകരിച്ചു.  രാജസ്ഥാൻ, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചുവെന്ന് കണക്കുകൾ. രോ​ഗം ബാധിച്ച് ഇതുവരെ 126 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. കൊവിഡും ഉയർന്ന പ്രമേഹവും ബ്ലാക്ക് ഫംഗസ് ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ​ഗുലേറിയ പറഞ്ഞു. പ്രമേഹം നിയന്ത്രിച്ചും സ്റ്റിറോയിഡിന്റെ കരുതലോടെയുള്ള ഉപയോ​ഗം വഴിയും ബ്ലാക്ക് ഫംഗസ് നിയന്ത്രിക്കാനാകും. ബ്ലാക്ക് ഫംഗസ് ബാധിച്ചാൽ മികച്ച ചികിത്സ ആവശ്യമാണെന്നും  ഗുലേറിയ പറഞ്ഞു. ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയെന്നും നേരിടാൻ വലിയ ജാഗ്രത ആവശ്യമാണെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിരോധം ഒരു നീണ്ട യുദ്ധമാണ്.  വാക്സിനേഷന്‍ സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്നും വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയയില്‍ മോദി പറഞ്ഞു. സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധികളുടെ പട്ടികയില്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിന് പിന്നാലെയാണ് മോദിയുടെ പരാമര്‍ശം. രാജ്യത്തെ  പത്തിലധികം  സംസ്ഥാനങ്ങളിൽ മ്യൂക്കോർമൈക്കോസിസ് ( ബ്ലാക്ക് ഫംഗസ്)  ബാധ സ്ഥിരീകരിച്ചു.  രാജസ്ഥാൻ, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു.  മഹാരാഷ്ട്രയിൽ മ്യൂക്കർമൈക്കോസിസ് ബാധിച്ചു മരിച്ചത് 90 പേരാണ്. പ്രമേഹ രോഗികളും, കാൻസർ രോഗികളും ജാഗ്രത പുലർത്താൻ ആരോഗ്യ വിദഗ്‌ധർ നിർദേശം നൽകിയിട്ടുണ്ട്.

കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ ആയുഷ് മന്ത്രാലയം ഹെൽപ് ലൈൻ തുടങ്ങി. 14443 എന്ന ടോൾ ഫ്രീ നമ്പറിൽ  രാവിലെ 6 മുതൽ 12 മണി വരെ വിളിച്ചു സഹായം തേടാം.

197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദില്ലിയില്‍ ബ്ലാക്ക്ഫംഗസിനുള്ള മരുന്നിന് വലിയ ക്ഷാമം നേരിടുകയാണെന്ന് ദില്ലി ആരോഗ്യമന്ത്രി പ്രതികരിച്ചു .  ആരും ഡോക്ടര്‍മാരുടെ നി‍ർദേശമില്ലാതെ സ്വയം ചികിത്സ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ബ്ലാക്ക്ഫംഗസിന് പിന്നാലെ രാജ്യത്ത് ചിലയിടങ്ങളില്‍ വൈറ്റ് ഫംഗസ് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ബിഹാറില്‍ അഞ്ച് പേരിലാണ് രോഗം കണ്ടെത്തിയത്.ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ്.

അതേസമയം, സംസ്ഥാനത്തും ബ്ലാക്ക് ഫംഗസ്  രോഗം  കൂടുന്നതിന്‍റെ ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത്  പതിനാറ് കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഈ രോ​ഗം മൂലം രണ്ട് പേരാണ് ഇതുവരെ കേരളത്തിൽ മരിച്ചത്. 

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി അനീഷ കഴിഞ്ഞ ദിവസമാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പന്തളത്ത് ഒരാളും ബ്ളാക്ക് ഫംഗസ് മൂലം മരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 10 പേരില്‍  രോഗം സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവിടെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ രണ്ട് പേര്‍ക്ക് കൊവിഡില്ല. കൂടുതല്‍ രോഗികള്‍ എത്തിയതോടെ കോഴിക്കോട് മരുന്ന് ക്ഷാമം ഉണ്ട്. ഇത് പരിഹരിക്കാന്‍ തിരുവനന്തപുരത്ത് നിന്ന് മുപ്പത് വയല്‍ മരുന്ന് എത്തിക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നടപടി സ്വീകരിച്ചത്.നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫംഗ്സ് മൂലം  നാല് പേര്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു