
അമ്രേലി: മധ്യപ്രദേശിൽ കർഷക കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിൽ വൻ ട്വിസ്റ്റ്. മുകേഷ് ദേവ്രഖിയ, ഭാര്യ ഭൂരി, മുകേഷിന്‍റെ സഹോദരി ജാനു എന്നിവരുടെ കൊലപാതകം അന്ധവിശ്വാസത്തെ തുടർന്നുള്ള പ്രതികാരമാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിൽ മൂന്നുപേരെ അമ്രേലി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയിൽ നിന്നാണ് കൊലപാതകത്തിന് കാരണം അന്ധവിശ്വാസമാണെന്ന് വ്യക്തമായത്. ഇവരുടെ സമീപവാസിയായ ഭുര ബമാനിയയാണ് കേസിലെ മുഖ്യപ്രതി. ഭുര ബമാനിയയുടെ മകൾ അസുഖം ബാധിച്ച് നേരത്തെ മരിച്ചിരുന്നു. മകളുടെ മരണത്തിന് കാരണം മുകേഷിന്‍റെ ഭാര്യ ഭൂരിയുടെ ദുർമന്ത്രവാദമാണെന്ന അന്ധവിശ്വാസത്തിലാണ് ഭുര ബമാനിയയും കൂട്ടാളികളും ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് വ്യക്തമായിരിക്കുന്നത്.
സംഭവം ഇങ്ങനെ
മുകേഷ് ദേവ്രഖിയ, ഭാര്യ ഭൂരി, മുകേഷിന്‍റെ സഹോദരി ജാനു എന്നിവരുടെ മൃതശരീരം കൃഷിയിടത്തിലെ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ അലിരാജ്പൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ലാലവാദറിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു മുകേഷും ഭാര്യയും. ജനുവരി 10 ന് അർദ്ധരാത്രിയാണ് മൂവരും കൊല്ലപ്പെടുന്നത്. മുകേഷും ഭൂരിയും ജാനുവും ഉറങ്ങികിടക്കുന്ന തക്കം നോക്കി കൊലയാളികൾ മുകേഷിന്‍റെ വീട്ടിൽ കയറുകയായിരുന്നു. മുറിയിലെത്തിയ ആക്രമികൾ ഉറങ്ങികിടക്കുന്ന മുകേഷിനെയും സഹോദരി ജാനുവിനെയും കഴുത്തു ഞെരിച്ചും ഭാര്യ ഭൂരിയെ ചരടുകൊണ്ട് കഴുത്തിൽ കുരുക്കിയുമാണ് കൊന്നതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കുറ്റം മറച്ചുവെക്കാൻ പ്രതികൾ മൂവരുടെയും മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിലെ മുഖ്യപ്രതിയായ ഭുര ബമാനിയ കുറച്ച് മാസങ്ങൾക്ക് മുൻപ് ലാലവാദറിൽ ഒരു ഷെയർക്രോപ്പറായി ജോലി ചെയ്തിരുന്നു. ദീപാവലിക്ക് ശേഷം ഭുരയുടെ മകൾ അപ്രതീക്ഷിതമായി അസുഖം വന്ന് മരിച്ചു. മകളുടെ മരണത്തിന്‍റെ കാരണക്കാരി സമീപവാസിയായ മുകേഷിന്റെ ഭാര്യയാണെന്നാണ് ഭുര സംശയിച്ചത്. മുകേഷിന്റെ ഭാര്യ ഒരു ദുർമന്ത്രവാദിനിയാണെന്നും തന്റെ മകളെ അവർ ദുർമന്ത്രവാദം ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്നും അയാൾ വിശ്വസിച്ചു. ഈ സംഭവത്തിന് ശേഷമാണ് ഭുര മുകേഷിന്റെ കുടുംബത്തെ മൊത്തമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതെന്ന് അമ്രേലി പൊലീസ് പറയുന്നു.
തിങ്കളാഴ്ച അമ്രേലി ജില്ലാ പൊലീസിന്റെ ലോക്കൽ ക്രൈം ബ്രാഞ്ചാണ് അലിരാജ്പൂരിൽ നിന്നും പ്രതികളായ മൂന്ന് പേരേയും പിടികൂടിയത്. ബബ്ലു എന്ന പ്യാർസിൻഹ് എന്ന ഭോലോ വസൂനിയ, മെർസിൻ പദാരിയ, ഇന്ദ്ര വസൂനിയ എന്നിവരാണ് പിടിയിലായത്. മൂന്ന് പേരും അലിരാജ്പൂർ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി ഭുര ബമാനിയ ഒളിവിലാണ്. ഇയാളെ ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് അമ്രേലി താലൂക്ക് പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം