
പാൽഘർ (മഹാരാഷ്ട്ര) : മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ വെസ്സലിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുണി വ്യവസായത്തിന് ഉപയോഗിക്കുന്ന ഗാമാ ആസിഡ് ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റിൽ വൈകിട്ട് 4.20നാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിന്റെ തീവ്രതയിൽ പ്ലാന്റിന്റെ മേൽക്കൂര പറന്നുപോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാൽഘർ ജില്ലയിലെ ബോയ്സാർ പട്ടണത്തിലെ താരാപൂർ എംഐഡിസിയിൽ ആണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് പാൽഘർ പൊലീസ് വക്താവ് സച്ചിൻ നവദ്കർ പറഞ്ഞു. വിവരമറിഞ്ഞ് ബോയ്‌സർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രാദേശിക അഗ്നിശമന സേനയും സ്ഥലത്തെത്തി
സ്‌ഫോടനം നടക്കുമ്പോൾ 18 ജീവനക്കാരാണ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. വെസ്സലിലെ മർദ്ദം മൂലമാണ് സ്‌ഫോടനമുണ്ടായതെന്ന് പ്ലാന്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ടെക്സ്റ്റൈൽ വ്യവസായത്തിൽ ഉപയോഗിക്കുന്ന ഗാമാ ആസിഡാണ് പ്ലാന്റ് നിർമ്മിക്കുന്നത്. സോഡിയം സൾഫേറ്റ് അമോണിയയുമായി കലർത്തുന്ന പ്രക്രിയ നടക്കുന്നതിനിടെയാണ് റിയാക്ടർ വെസ്സൽ പൊട്ടിത്തെറിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ്, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഉദ്യോഗസ്ഥരിൽ നിന്ന് സാങ്കേതിക സഹായം തേടുമെന്നും ബോയ്‌സർ പൊലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ പ്രദീപ് കസ്‌ബെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam