
ദില്ലി: ഛത്തിസ്ഗഡിലെ ബിജാപൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു. സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റിനാണ് ഐഇഡി സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൽഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റയാൾക്ക് പ്രാഥമിക വൈദ്യചികിത്സ നൽകിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. നക്‌സൽ ബാധിത പ്രദേശമായ ബസ്തർ ലോക്‌സഭാ മണ്ഡലത്തിലാണ് ബിജാപൂർ ജില്ല സ്ഥിതിചെയ്യുന്നത്. ഇവിടെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പാണ് നടന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് കഴിഞ്ഞത്. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലായിരുന്നു ഇന്ന് വോട്ടെടുപ്പ്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടിയത്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്‌നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം