
ദില്ലി: കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിച്ച് പ്രതിഷേധക്കാരുടെ സംഘടനയായ സംങ്ക്യുക്ത കിസാൻ മോർച്ച. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി 40 ലേറെ കർഷക സംഘടനകളാണ കേന്ദ്ര കാർഷിക നിയമത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുന്നത്.
ദില്ലിയിലെ സിംഘു, ഗാസിപൂർ, തിക്രി അതിർത്തികളിലാണ് കർഷകർ പ്രതിഷേധിക്കുന്നത്. ഇപ്പോൾ രാജസ്ഥാൻ, ഹരിയാന അതിർത്തികൾ ചേരുന്നിടവും അടച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിലാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി പ്രതിഷേധകർ ധർണ്ണ നടത്തുന്നത്. റോഡുകൾ അടച്ചതോടെ ഏറെ ബുദ്ധിമുട്ടിയാണ് പൊതുജനം സഞ്ചരിക്കുന്നത്. ഇതിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് കർഷകർ. അച്ചടിച്ച പത്രികയിലൂടെയാണ് ഇവർ തങ്ങളുടെ ഖേദ പ്രകടനം ജനങ്ങളെ അറിയിച്ചത്.
ഞങ്ങൾ കർഷകരാണ്. അന്നദാദാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത് ഈ പുതിയ നിയമങ്ങൾ ഞങ്ങൾക്കുള്ള സമ്മാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സമ്മാനമല്ല, ഞങ്ങൾക്കുള്ള ശിക്ഷയാണെന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾക്ക് സമ്മാനം നൽകണമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ വില നൽകൂ. - പത്രികയിൽ പറയുന്നു.
റോഡുകൾ തടസ്സപ്പെടുത്തി, ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങൾ ഒരാവശ്യത്തിന് വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. ഞങ്ങളുടെ പ്രക്ഷോഭം നിങ്ങൾക്ക് വേദനയുണ്ടാക്കുന്നുവെങ്കിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നു. - പത്രികയിൽ കൂട്ടിച്ചേർത്തിരിക്കുന്നു.
ഇത് മാത്രമാണ് ഞങ്ങൾക്ക് ദില്ലിയിലെത്തി, പ്രധാനമന്ത്രിയോട് പറയാനുള്ളത്. എന്നാൽ ഞങ്ങളോട് സംസാരിക്കുന്നതായി ഭാവിക്കുന്ന സർക്കാർ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ല- എന്നും പത്രികയിൽ കർഷകർ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam