
മുംബൈ: യോഗത്തിനിടെ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തിയ കോൺഗ്രസ് വനിതാ എംഎൽഎ വിവാദത്തിൽ. മഹാരാഷ്ട്രയിലെ വിധാൻസഭയിലെ ടിയോസ നിയോജമണ്ഡലത്തിലെ എംഎൽഎ യശോമതി താക്കൂറാണ് സർക്കാർ ഉദ്യോഗസ്ഥരെ തെറിവിളിച്ച് വിവാദത്തിലായിരിക്കുന്നത്. മഹാരാഷ്ട്രയിലെ അമരാവതിയിൽ തിങ്കാളാഴ്ചയാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. 'അസഭ്യ ഭാഷ' ഉൾപ്പെട്ടിരിക്കുന്നു എന്ന മുന്നറിയിപ്പ് നൽകിയാണ് എഎൻഐ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജല വിതരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയാണ് യശോമതി താക്കൂർ പൊട്ടിത്തെറിക്കുന്നത്. കസേരയിൽ നിന്ന് എഴുന്നേറ്റ് മേശയ്ക്ക് ചുറ്റുമിരുന്ന ഉദ്യോഗസ്ഥരെ വിമർശിക്കുകയും തുടർന്ന് അവരെ തെറി വിളിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥരെ ബ്ലഡി ഹെൽ എന്ന് വിളിച്ച് മേശപ്പുറത്ത് ഉണ്ടായിരുന്ന വസ്തുക്കൾ വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥരുടെ പ്രവർത്തിയിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയായിരുന്നു യശോമതി താക്കൂർ അവരെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയും തെറി വിളിക്കുകയും ചെയ്തത്.
അയാൾ ചിരിക്കുകയാണ്. അയാളാണ് ഇതിന് തുടക്കമിട്ടത്. അയാളാണ് ഓർഡർ കൊടുത്തത്. എന്റെ കയ്യിൽ റെക്കോർഡിങ്ങസ് ഉണ്ട്. അയാളാണ് അനീതി പ്രവർത്തിക്കുന്നത്. അയാളാണ് രാഷ്ട്രീയം കളിക്കുന്നത്. അയാളാണ് രാഷ്ട്രീയം അഭ്യസിക്കുകയാണ്, യശോമതി താക്കൂർ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ വിരൽ ചൂണ്ടിയായിരുന്നു യശോമതിയുടെ പരാമർശം. എന്നാൽ ആർക്ക് നേരെയാണ് വിരൽ ചൂണ്ടുന്നതെന്ന് വീഡിയോയിൽ വ്യക്തമല്ല.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി അഭിഭാഷകകൂടിയായ യശോമതി താക്കൂർ രംഗത്തെത്തി. അധികാരികൾ കുടിവെള്ളം വിതരണം ചെയ്യേണ്ടവരാണ്. എന്നാൽ അവർ കുടിവെള്ളം വിതരണം ചെയ്യുന്നില്ല. അതുകൊണ്ടാണ് തങ്ങൾ പൊട്ടിത്തെറിച്ചത്. രണ്ടാഴ്ചയായി കുടിവെള്ളത്തിന്റെ വിതരണം മുടങ്ങിക്കിടക്കുകയാണ്. ജില്ലാ കലക്ടർ വെള്ളം വിതരണം ചെയ്യാൻ ഉത്തരവിട്ടെങ്കിലും വർധയിലെ ബിജെപി എംഎൽഎ ഇടപ്പെട്ട് വിതരണം തടയുകയായിരുന്നുവെന്ന് യശോമതി താക്കൂർ പറഞ്ഞു. ബിജെപി കുടിവെള്ളത്തിന് മുകളിലും രാഷ്ട്രീയം കളിക്കുകയാണ്. ഞങ്ങൾക്ക് കുടിക്കാൻ വെള്ളം വേണമെന്നും യശോമതി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam