ഫുട്ബോള്‍ കേടുവരുത്തി; 45 കുട്ടികൾക്ക് 2 ദിവസത്തേക്ക് ഭക്ഷണം നിഷേധിച്ച് ബോര്‍ഡിങ് സ്കൂള്‍ അധികൃതരുടെ ക്രൂരത

Published : Sep 01, 2023, 01:08 PM ISTUpdated : Sep 01, 2023, 01:10 PM IST
ഫുട്ബോള്‍ കേടുവരുത്തി; 45 കുട്ടികൾക്ക് 2 ദിവസത്തേക്ക് ഭക്ഷണം നിഷേധിച്ച് ബോര്‍ഡിങ് സ്കൂള്‍ അധികൃതരുടെ ക്രൂരത

Synopsis

വിശന്നുവലഞ്ഞ കുട്ടികൾക്ക് നാട്ടുകാർ ബിസ്കറ്റ് നൽകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്

റായ്പൂര്‍: ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് കേടുവരുത്തിയെന്ന് ആരോപിച്ച് രണ്ട് ദിവസത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നിഷേധിച്ച് ബോര്‍ഡിങ് സ്കൂള്‍. ഛത്തീസ്‍ഗഢിലെ സുരാജ്‍പൂര്‍ ജില്ലയിലാണ് സംഭവം. 45 കുട്ടികള്‍ക്ക് ബോള്‍ കേടാക്കിയതിനുള്ള ശിക്ഷയായി സ്കൂള്‍ അധികൃതര്‍ ഭക്ഷണം നിഷേധിച്ചെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പ്രതാപ്പൂരില്‍ അംബികാപൂര്‍ ബിഷപ്പ് ഹൗസ് നടത്തുന്ന സ്കൂളിലാണ് സംഭവം. ആഗസ്ത് 28ന് കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് കേടായി. തെറ്റ് ചെയ്തതിനാല്‍ പശ്ചാത്തപിക്കണമെന്ന് രോഷാകുലനായ സൂപ്രണ്ട് ഫാദര്‍ പീറ്റർ സാഡോം കുട്ടികളോട് പറഞ്ഞെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കുട്ടികളെ ശിക്ഷിച്ചെന്ന് ഹോസ്റ്റലിലെത്തിയ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരോടും അദ്ദേഹം പറഞ്ഞെന്ന് റിപ്പോര്‍ട്ടിലുണ്ട്. 

താൻ കുട്ടികൾക്ക് രണ്ട് നേരം ഭക്ഷണം നൽകിയില്ലെന്ന് സൂപ്രണ്ട് ഫാദര്‍ പീറ്റർ സാഡോം സമ്മതിച്ചു- "ഞങ്ങൾ കുട്ടികൾക്കായി എല്ലാം ഒരുക്കുന്നു, എന്നിട്ടും അവർ പാത്രങ്ങളും പന്തുകളുമെല്ലാം നശിപ്പിക്കുന്നു. അവർ സഹനം പഠിക്കണം. അവരുടെ തെറ്റിന് ശിക്ഷ അനുഭവിക്കണം. ഞങ്ങൾ അവർക്ക് രണ്ട് നേരം ഭക്ഷണം നൽകിയില്ല. എന്നാല്‍ രണ്ട് ദിവസത്തേക്ക് ഭക്ഷണം നല്‍കിയില്ലെന്ന് പറയുന്നത് ശരിയല്ല". 

വിശന്നുവലഞ്ഞ കുട്ടികൾക്ക് നാട്ടുകാർ ബിസ്കറ്റ് നൽകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും സ്കൂളില്‍ ചോദിക്കാനെത്തിയതോടെ വാക്കേറ്റമുണ്ടായി. സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 

രക്ഷിതാക്കളുടെ പരാതി ശരിവെച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിഷപ്പ് ഹൗസ്, ഹോസ്റ്റലിന്റെ എല്ലാ  ചുമതലകളിൽ നിന്നും ഫാദര്‍ സഡോമിനെ നീക്കി. ശിശുക്ഷേമ സമിതി സ്കൂളിലും ഹോസ്റ്റലിലും പരിശോധന നടത്തും.

141 വിദ്യാര്‍ഥികളാണ് സ്കൂളില്‍ പഠിക്കുന്നത്. മിക്കവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കുട്ടികളുടെ ഹോസ്റ്റലില്‍ മതിയായ സൌകര്യങ്ങളില്ലെന്നും പരാതിയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ, സാധാരണ നിലയിലാകുക ഫെബ്രുവരി പത്തോടെയെന്ന് അറിയിപ്പ്; ഇന്നും സർവീസുകൾ റദ്ദാക്കും
നവവധു നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചു, വിവാഹം നടത്തിയത് സ്വവർഗാനുരാഗിയാണെന്നത് മറച്ചുവച്ച്