ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ ആക്രമണം; അഞ്ജാതർ മൂന്ന് തവണ ബോംബെറിഞ്ഞു

By Web TeamFirst Published Sep 8, 2021, 10:30 AM IST
Highlights

ബംഗാളിലെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന സംഭവമെന്ന് ഗവർണർ ജഗ്ദീപ് ധാൻകർ പറഞ്ഞു. ബംഗാളിൽ അക്രമം അവസാനിക്കുന്നതിന്‍റെ ഒരു ലക്ഷണവും ഇല്ലെന്നും ഗവർണർ പറഞ്ഞു. 

കൊല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ ബിജെപി എംപിയുടെ വസതിക്ക് നേരെ ബോംബേറ്. ബരാക്ക്പൊരെ എംപി അർജുൻ സിങിന്‍റെ വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് അർജുന്‍ സിങിന്‍റെ നോർത്ത് 24 പ‍ർഗനാസിലെ വസതിക്ക് നേരെ ബോംബേറ് ഉണ്ടായത്. അജ്ഞാതര്‍ മൂന്ന് നാടന്‍ ബോംബുകള്‍ ഗെയ്റ്റിന് മുന്‍പിലേക്ക് എറിഞ്ഞു. അർജുന്‍ സിങിന് കേന്ദ്രസേന സുരക്ഷ ഉണ്ടായിരിക്കേയാണ് ആക്രമണം നടന്നത്. 

ബോംബേറ് ഉണ്ടായപ്പോള്‍ എംപിയുടെ കുടുബം വീട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ ബംഗാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവികള്‍ പരിശോധിച്ച് ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തുടർച്ചയായി തൃണമൂല്‍ ബിജെപി സംഘർഷം ഉണ്ടായിരുന്ന സ്ഥലമാണ് നോര്‍ത്ത് 24 പർഗാനസ്. ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പില്‍  മമത ബാനര്‍ജി ഇന്ന് പ്രചാരണം ആരംഭിക്കാനിരിക്കെ ആക്രമണം നടന്നത് സംസ്ഥാനത്ത് വീണ്ടും സംഘർഷ സാഹചര്യം ഉണ്ടാക്കുമോയെന്ന് ആശങ്ക വർധിപ്പിക്കുന്നുണ്ട്. 

അതേസമയം ഉപതെരഞ്ഞെടുപ്പില്‍ മമതയ്ക്കെതിരെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സ്ഥാനാർത്ഥിയെ നിര്‍ത്തിയാല്‍ പരോക്ഷമായി ബിജെപിയെ സഹായിക്കുന്നതാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. കോണ്‍ഗ്രസ്  ത‍ൃണമൂല്‍ സഹകരണം ചർച്ചയായിരിക്കേ കൂടിയാണ് ഈ നിലപാടെന്നതാണ് ശ്രദ്ധേയം. മമതയ്ക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!