
കൊൽക്കത്ത: കൊൽക്കത്തയിലെ പ്രശ്സതമായ ഇന്ത്യൻ മ്യൂസിയത്തിന് ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ചരിത്രപ്രാധാന്യമുള്ള മ്യൂസിയം ബോംബ് വെച്ച് തകർക്കുമെന്ന ഇ-മെയിൽ സന്ദേശമെത്തിയത്. കൊൽക്കത്ത പൊലീസിന് ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ മ്യൂസിയത്തിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു. ജീവനക്കാരെയെല്ലാം പുറത്താക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
'മ്യൂസിയത്തിനകത്ത് ബോംബ് വെച്ചിരിക്കുന്നു, രാവിലെ അത് പൊട്ടിത്തെറിക്കും' എന്നായിരുന്നു കൊൽക്കത്ത പൊലീസിന്‍റെ ഔദ്യോഗിക മെയിലിലേക്ക് വന്ന സന്ദേശം. 'ടെററൈസർ 111' എന്ന ഗ്രൂപ്പിൽ നിന്നുമാണ് ഇ- മെയിൽ വന്നതെന്ന് പൊലീസ് കണ്ടെത്തി. എവിടെ നിന്നാണ് ഇ മെയിൽ അയച്ചതെന്നത് കണ്ടെത്താനായി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം 2500 മുതൽ 3000 വരെ സന്ദർശകരെത്തുന്ന മ്യൂസിയമാണ് ഇന്ത്യൻ മ്യൂസിയം. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ കൊൽക്കത്ത പൊലീസും ബോംബ് സ്‌ക്വാഡും സ്‌നീഫർ ഡോഗുകളും സ്ഥലത്തെത്തി. മ്യൂസിയം മുഴുവനായും അടച്ചു. സന്ദർശകർക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. കെട്ടിടം മുഴുവനായി പരിശോധിക്കുകയാണ് പൊലീസ്.
കൊൽക്കത്തയിലെ പ്രധാന ചരിത്ര സ്മാരകങ്ങളിലൊന്നാണ് ഇന്ത്യൻ മ്യൂസിയം. 1814ൽ പണി കഴിഞ്ഞ കെട്ടിടത്തിലാണ് ഇന്ത്യൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ അതിപുരാതന മ്യൂസിയങ്ങളിലൊന്നാണ് ഇത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മാത്രമല്ല, ഏഷ്യ-പസഫിക് മേഖലയിലെ തന്നെ ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ മൾട്ടിപർപ്പസ് മ്യൂസിയമാണ് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം.
Read More : ചക്രവാതച്ചുഴിക്ക് പുറമേ ന്യൂനമർദ്ദവും; ഇടിമന്നലോടെ 3 ദിവസം അതിശക്തമായ മഴ, നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam