
ദില്ലി: ദില്ലിയിൽ വീണ്ടും സ്കൂളുകൾക്ക് ബോംബ് ഭീഷണി. അഞ്ച് സ്കൂളുകൾക്കാണ് ഇന്ന് ഈ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച ശേഷം ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇന്നലെ സമാനരീതിയിൽ 50ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. എന്നാൽ വിപിഎൻ ഉപയോഗിച്ച് അയച്ച ഇമെയിലുകളുടെ ഉറവിടം കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.