'എഥനോളിൽ ഗഡ്കരിയും കുടുംബവും കോടികളുണ്ടാക്കി'; മെറ്റയ്ക്കെതിരെ കേന്ദ്ര മന്ത്രി കോടതിയിൽ, മാനനഷ്ടക്കേസ് നൽകാൻ ഹൈക്കോടതി അനുമതി

Published : Jul 27, 2026, 04:20 PM IST
Nitin Gadkari E20 Petrol

Synopsis

തനിക്കെതിരെ ഡീപ്ഫേക് ഉള്ളടക്കങ്ങൾ ഉപയോഗിച്ച് അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിയമനടപടിയിലേക്ക്. അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും അനുമതിയില്ലാതെ തന്റെ മുഖവും ശബ്ദവും എഐ സാങ്കേതികവിദ്യയിലൂടെ ദുരുപയോഗം ചെയ്യുന്നത് വിലക്കണമെന്നും സിവില്‍ സ്യൂട്ടിലൂടെ ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലി: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകളും വീഡിയോകളും ഡീപ്ഫേക് ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി മാനനഷ്ടക്കേസ് നൽകും. ഗൂഗിൾ, എക്സ്, മെറ്റ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ സിവില്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ നിതിൻ ഗഡ്കരിക്ക് ബോംബെ ഹൈക്കോടതി അനുമതി നൽകി. ജസ്റ്റിസ് അഭയ് അഹൂജ അടങ്ങിയ ബെഞ്ചാണ് അനുമതി നൽകി. കേന്ദ്ര സർക്കാരിന്റെ ഇ20 (20 ശതമാനം എഥനോൾ ബ്ലെൻഡഡ് പെട്രോൾ) നയത്തിൽ നിന്ന് തനിക്കും കുടുംബത്തിനും കോടികൾ സാമ്പത്തിക നേട്ടമുണ്ടായെന്ന് തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതായി ഗഡ്കരി ഹർജിയിൽ ആരോപിച്ചു. തന്റെ വകുപ്പിന് കീഴിൽ വരുന്നതല്ല എഥനോൾ പോളിസിയെന്നും ഗഡ്കരി പറയുന്നു.

എഥനോൾ ബ്ലെൻഡിംഗ് നയം കൈകാര്യം ചെയ്യുന്നത് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയമാണ്, അല്ലാതെ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമല്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും അനുമതിയില്ലാതെ തന്റെ മുഖവും ശബ്ദവും എഐ സാങ്കേതികവിദ്യയിലൂടെ ദുരുപയോഗം ചെയ്യുന്നത് വിലക്കണമെന്നും സിവില്‍ സ്യൂട്ടിലൂടെ ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ 20 ശതമാനം ഇഥനോൾ കലർത്തിയ പെട്രോൾ (E20 Fuel) പദ്ധതിയിലൂടെ നിതിൻ ഗഡ്കരിയും കുടുംബവും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങളും കുറിപ്പുകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും പ്രചരിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് മന്ത്രി കോടതിയെ സമീപിച്ചത്. ഇഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിയും E20 നയവും പൂർണ്ണമായും കേന്ദ്ര പെട്രോളിയം സ്വാഭാവിക വാതക മന്ത്രാലയത്തിന്റെ കീഴിലുള്ളതാണ്. തനിക്കോ തന്റെ മന്ത്രാലയത്തിനോ ഇതിൽ യാതൊരുവിധ പങ്കുമില്ലെന്ന് ഗഡ്കരി ഹർജിയിൽ വ്യക്തമാക്കി. ഗവൺമെന്റ് നയങ്ങളെക്കുറിച്ചുള്ള സമാധാനപരമായ ചർച്ചകളെയോ, ന്യായമായ വിമർശനങ്ങളെയോ തടയാനല്ല കേസ് ഫയൽ ചെയ്യുന്നതെന്നും, മറിച്ച് മനഃപൂർവം വ്യക്തിഹത്യ നടത്തുന്ന വ്യാജവും വ്യാജമായി നിർമ്മിച്ചതുമായ ഡിജിറ്റൽ ഉള്ളടക്കങ്ങൾ തടയാൻ വേണ്ടിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

മെറ്റാ പ്ലാറ്റ്‌ഫോംസ് (ഫേയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം), എക്‌സ് കോർപ്, ഗൂഗിൾ എൽഎൽസി (യൂട്യൂബ്), കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, വ്യാജ ഉള്ളടക്കം നിർമ്മിച്ച അജ്ഞാത വ്യക്തികൾ എന്നിവരെയാണ് കേസിൽ എതിർകക്ഷികളാക്കിയിട്ടുള്ളത്. വ്യാജ ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാനും താൽക്കാലിക സ്റ്റേ അനുവദിക്കാനുമുള്ള ഗഡ്കരിയുടെ ഇടക്കാല ആശ്വാസ ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. രാജ്യത്ത് എഐ ഡീപ്‌ഫേക്ക് ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രമുഖ വ്യക്തിത്വങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യക്തിഹത്യ നടത്തുന്നതിനെതിരെയുള്ള നിർണായകമായ നിയമപോരാട്ടമായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് പരീക്ഷാ തട്ടിപ്പിലും കോടതി കാര്യം 'മുറപോലെ' തന്നെ ! പ്രധാനമന്ത്രി പ്രഖ്യാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് മാറ്റി
'കേന്ദ്രം നൽകിയ ഉറപ്പ് ലംഘിച്ചാൽ വീണ്ടും പ്രക്ഷോഭം', വിദ്യാർഥികൾക്കെതിരെ കേസെടുക്കുന്നതിൽ കടുത്ത അതൃപ്തിയുമായി സി ജെ പി; പാർട്ടി രൂപീകരണം ഉടനില്ല?