
മുംബൈ: പോക്സോ കേസിൽ വ്യത്യസ്ത നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രതിയും അതിജീവിതയും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നതിനാൽ ലൈംഗികാതിക്രമമായി കേസിനെ കാണാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. 13 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ 26കാരന് ജാമ്യം നൽകി കൊണ്ടാണ് ഈ നിരീക്ഷണം.
2020 ഓഗസ്റ്റിൽ നടന്ന കേസാണിത്. സുഹൃത്തിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് പുറത്ത് പോയ 13 കാരിയെ കാണാതായി. ഒരാഴ്ചയ്ക്ക് ശേഷമാണ് അയൽവാസിയായ 26കാരനുമായി കുട്ടി ബെംഗളൂരുവിലേക്ക് പോയെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാൽ ഇരുവരും തമ്മിൽ പ്രണയമാണെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പ് പറഞ്ഞതിനാലാണ് ഒപ്പം പോയതെന്നും പെൺകുട്ടി മൊഴി നൽകി.
പണവും ആഭരണങ്ങളും എടുത്താണ് നാട് വിട്ടതും. എന്നാൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് പ്രതിക്ക് മൂന്ന് വർഷത്തിന് ശേഷം ജാമ്യം നൽകിയത്. വിചാരണ നീണ്ട് പോവുന്നതാണ് ജാമ്യം നൽകാൻ കോടതി പ്രധാന കാരണമായി പറയുന്നത്. ഒപ്പം ഇരുവരും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്നും ജസ്റ്റിസ് ഊർമിള ജോഷി ഫാൽകെ എടുത്തു പറഞ്ഞു. ലൈംഗികാതിക്രമമാണ് ആരോപിക്കപ്പെടുന്ന സംഭവം ഇളം പ്രായക്കാരായ രണ്ട് പേർ തമ്മിലുള്ള ആകർഷണം കൊണ്ട് സംഭവിച്ചതാണ്. കാമം കൊണ്ട് ചെയ്യുന്ന ലൈംഗികാതിക്രമമായി അതിനെ കാണാനാകില്ലെന്നും കോടതി ജാമ്യം നൽകികൊണ്ടുള്ള വിധിയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam