
മുംബൈ: വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാൽ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈക്കോടതി ജഡ്ജ് (Bombay High Court Justice) പുഷ്പ ഗണേധിവാല (Pushpa Ganediwala ) രാജിവച്ചു. ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജായിരുന്ന ഗണേധിവാലെയെ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഹൈക്കോടതിയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഇതോടെ ജഡ്ജി രാജിവെക്കുകയായിരുന്നു. അഡീഷൽ ജഡ്ജിയായ ഗണേധിവാലയെ സ്ഥിരപ്പെടുത്തുകയോ കാലാവധി നീട്ടി നൽകുകയോ ചെയ്യാത്തതിനാൽ തിരികെ ജില്ലാ കോടതിയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജിവെച്ചത്. ഇനി അഭിഭാഷകയായി പ്രവർത്തിക്കുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ജനുവരിയിലാണ് 12 കാരിയെ പീഡിപ്പിച്ച 39കാരന്‍റെ അപ്പീൽ പരിഗണിച്ച പുഷ്പ ഗണേധിവാല വിവാദ ഉത്തരവ് ഇറക്കിയത്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ച കേസിൽ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്.
ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി ഈ സംഭവത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്ന വിചിത്രമായ പരാമർശമാണ് നടത്തിയത്. പോക്സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പപർശിക്കണമായിരുന്നു പരാമർശം. ചർമ്മത്തിൽ പ്രതി നേരിട്ട് സ്പർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ വകുപ്പ് ചുമത്താനാകില്ലെന്നുമായിരുന്നു ഗണേധിവാലയുടെ കണ്ടെത്തൽ. പിന്നീട് അറ്റോർണി ജനറൽ വിഷയം സുപ്രീംകോടതിയ്ക്ക് മുന്നിലെത്തിക്കുകയും വിധി സ്റ്റേ ചെയ്യുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam