അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഹെഡ്‌സെറ്റ് ഉപയോഗിക്കാതെ ഉറക്കെ വീഡിയോ വെച്ച യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കി. ജീവനക്കാരുടെ നിർദ്ദേശം അവഗണിച്ച് ബഹളം വെച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്.
മിയാമി: വിമാനയാത്രയ്ക്കിടെ ഹെഡ്‌സെറ്റ് ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ ഉറക്കെ വീഡിയോ വെച്ചതിനെച്ചൊല്ലി വിമാനത്തിനുള്ളിൽ യുവതിയുടെ കടുത്ത പ്രതിഷേധവും ബഹളവും. അമേരിക്കൻ എയർലൈൻസിലെ മിയാമിയിൽ നിന്നും ടാംപയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാന ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹെഡ്‌സെറ്റ് ഉപയോഗിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ ഒടുവിൽ വിമാനത്തിൽ നിന്നും പുറത്താക്കി. വിമാനം പുറപ്പെടുന്നതിന് മുൻപേ ഗേറ്റിൽ വെച്ച് തന്നെ ഫോണിൽ ഉറക്കെ വീഡിയോ വെക്കരുതെന്ന് വിമാന ജീവനക്കാർ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശത്തോട് അതീവ പ്രകോപനപരമായാണ് അവർ പ്രതികരിച്ചത്.
യുവതി മദ്യലഹരിയിലായിരുന്നുവെന്നും എല്ലാവരെയും ശല്യം ചെയ്യുന്ന രീതിയിൽ ഉറക്കെ വീഡിയോ വെക്കുകയായിരുന്നുവെന്നും സഹയാത്രക്കാർ പറയുന്നു. ജീവനക്കാരോട് വളരെ മോശമായും ധിക്കാരപരമായുമാണ് അവർ സംസാരിച്ചത്. വെറും 30 സെക്കൻഡ് മാത്രമാണ് ഞാൻ വീഡിയോ വെച്ചത്, അതും 50 ശതമാനം ശബ്ദത്തിൽ മാത്രം. അതിന്റെ പേരിലാണോ എന്നെ പുറത്താക്കുന്നത് എന്ന് യുവതി വിമാനത്തിനുള്ളിൽ അലറി വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ബഹളം നിയന്ത്രണാതീതമായതോടെ പൊലീസ് എത്തി യുവതിയെ വിമാനത്തിന് പുറത്തേക്ക് മാറ്റി. യുവതിയെ പുറത്താക്കുന്നത് കണ്ട വിമാനത്തിലെ മറ്റ് യാത്രക്കാർ കൈയ്യടിച്ചാണ് ഈ നടപടിയെ സ്വാഗതം ചെയ്തത്.
അമേരിക്കൻ എയർലൈൻസ് ജീവനക്കാർ അതീവ സംയമനത്തോടെയാണ് പ്രശ്നത്തിൽ ഇടപെട്ടതെന്ന് വീഡിയോ പകർത്തിയ യാത്രക്കാരൻ വ്യക്തമാക്കി. ഹെഡ്‌സെറ്റ് ഉപയോഗിക്കാതെ വിമാനത്തിനുള്ളിൽ ഓഡിയോയോ വീഡിയോയോ കേൾക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് എയർലൈൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്തിൽ നിന്നും പുറത്താക്കുന്നതിനും യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനും വരെ ഇത്തരം നിയമലംഘനങ്ങൾ കാരണമായേക്കാം. വിമാന ജീവനക്കാരെ ആക്രമിക്കുക, നഗ്നപാദനായി യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളുടെ ഗണത്തിലാണ് ഓഡിയോ ഉറക്കെ വെക്കുന്നതിനെയും ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.


