'അദാനി'യിൽ പാർലമെൻറ് പ്രക്ഷുബ്ധം; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം; ചർച്ച ആവശ്യം തള്ളി സഭാതലവന്മാർ

By Web TeamFirst Published Feb 2, 2023, 1:24 PM IST
Highlights

പ്രതിപക്ഷ ബഹളത്തിൽ ലോക് സഭയും, രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു. സംയുക്ത പാർലമെൻററി സമിതിയോ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ദില്ലി : അദാനി ഗ്രൂപ്പ് ഓഹരി പെരുപ്പിച്ച് കാണിച്ച് വിപണിയിൽ കൃത്രിമം കാണിക്കുന്നുവെന്ന ഹിൻഡൻബർഗ് റിസേർച്ചിനെ ചൊല്ലി പാർലമെൻറ് പ്രക്ഷുബ്ധം. പ്രതിപക്ഷ ബഹളത്തിൽ ലോക് സഭയും, രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു. സംയുക്ത പാർലമെൻററി സമിതിയോ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാർലമെന്റിന്റെ ഇരു സഭകളും ചേർന്നയുടൻ തന്നെ പ്രതിപക്ഷം അദാനി വിഷയം ഉന്നയിച്ചു. എന്നാൽ ചർച്ചയില്ലെന്ന് ലോക് സഭ സ്പീക്കർ ഓം ബിർലയും രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകറും വ്യക്തമാക്കി. പ്രതിപക്ഷ ബഹളം ശക്തമായതോടെ ഇരുസഭകളും പിരിഞ്ഞു. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷം കേന്ദ്രസര്‍ക്കാര്‍ അദാനിയെ വഴിവിട്ട് സഹായിക്കുകയാണെന്ന് ആരോപിച്ചു. ജെപിസിയോ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ മേല്‍നോട്ടത്തിലോ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദൈനംദിന അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കണമെന്ന നിർദ്ദേശവും പ്രതിപക്ഷം മുന്നോട്ട് വെക്കുന്നു. 

സാധാരണക്കാരുടെ നിക്ഷേപമുള്ള എല്‍ഐസി, എസ്ബിഐ തുടങ്ങിയ സ്ഥാപനങ്ങള്‍ അദാനി ഗ്രൂപ്പില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം ഇടിഞ്ഞതോടെ വന്‍ നഷ്ടമാണ് ഈ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം മറച്ച് വച്ചിരിക്കുന്നുവെന്നാക്ഷേപിച്ചാണ് പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുന്നത്. സംയുക്ത പ്രതിപക്ഷ നീക്കത്തില്‍ നിന്ന് കഴിഞ്ഞ കുറെനാളുകളായി വിട്ടുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അദാനിക്കെതികരായ നീക്കത്തില്‍ ഒന്നിച്ചിട്ടുണ്ട്.  

തട്ടിപ്പിൽ കൂട്ടുനിന്നവർ ഓഹരി വില്പനയിൽ പങ്കാളികളോ? അദാനി ഗ്രൂപ്പ് എഫ്പിഒ റദ്ദാക്കിയതെന്തിന്?

അതേ സമയം,  അദാനി ഗ്രൂപ്പിന്‍റെ പ്രതിസന്ധി അതിരൂക്ഷമാണ്. അദാനിയുടെ കടപ്പത്രങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിലയിടിഞ്ഞു. പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ വലയുമ്പോഴാണ് അന്താരാഷ്ട്ര വിപണിയിൽ അദാനിയുടെ കടപ്പത്രങ്ങളും തകർച്ച നേരിടുന്നത്. അദാനിഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങള്‍ പണയമായി സ്വീകരിച്ച് വായ്പനല്‍കേണ്ടെന്ന സ്വിസ് ബാങ്കിങ് ഗ്രൂപ്പായ ക്രെഡിറ്റ് സ്വീസിന്‍റെ തീരുമാനം വന്നതിന് പിന്നാലെയാണ് ഈ വീഴ്ചയുടെ വേഗം കൂടിയത്. അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി എന്നിവയുടെ കടപ്പത്രങ്ങൾക്കാണ് വൻ വിലയിടിവുണ്ടായത്

ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്ത്

click me!