
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ അപാർട്ട്മെന്‍റ് സമുച്ചയത്തിന്‍റെ 22ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. സെക്ടർ 62 ലെ പയനിയർ പ്രെസിഡിയ അപാർട്ട്മെന്‍റിലാണ് സംഭവം. രുദ്ര തേജ് സിങ് (5) ആണ് മരിച്ചത്.
രുദ്ര കൂട്ടുകാർക്കൊപ്പം കളിച്ച് കഴിഞ്ഞ് ഫ്ലാറ്റിലേക്ക് മടങ്ങുകയായിരുന്നു. വീട്ടുജോലിക്കാരി ഒപ്പമുണ്ടായിരുന്നു. രുദ്ര ലിഫ്റ്റിൽ നിന്ന് ഇറങ്ങിയ ഉടനെ ഫ്ലാറ്റിലേക്ക് ഓടി. കുട്ടി കയറിയതും ഡിജിറ്റൽ ഓട്ടോ ലോക്ക് സംവിധാനമുള്ള പ്രധാന വാതിൽ അടഞ്ഞുപോയി. ഡോർ തുറക്കണമെങ്കിൽ പാസ് വേർഡ് അറിയണം. കുട്ടിക്ക് തുറക്കാനായില്ല. വീട്ടുജോലിക്കാരി പുറത്തും കുട്ടി അകത്തുമായി.
പരിഭ്രാന്തയായ വീട്ടുജോലിക്കാരി ഉടനെ ഫ്ലാറ്റിലെ കെയർ ടേക്കറയും കുട്ടിയുടെ മാതാപിതാക്കളെയുമെല്ലാം അറിയിച്ചു. അതിനിടെ അകത്ത് ഒറ്റയ്ക്കായി പോയതോടെ ഭയന്ന രുദ്ര, ബാൽക്കണിയിൽ പോയി സഹായിക്കാൻ ഉറക്കെ നിലവിളിച്ചു. വസ്ത്രങ്ങൾ അലക്കി ഉണങ്ങാനിടുന്ന സ്റ്റാൻഡിൽ കയറിനിന്നാണ് രുദ്ര സഹായം അഭ്യർത്ഥിച്ചത്. കുട്ടി ബാലൻസ് നഷ്ടപ്പെട്ട് 22-ാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫ്ലാറ്റിലെ മറ്റു താമസക്കാർ ഓടിയെത്തി കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രുദ്രയുടെ അച്ഛൻ ബിൽഡറാണ്. അമ്മ ഡോക്ടറും. ഇരുവരുടെയും ഏക മകനാണ് രുദ്ര. സംഭവം നടക്കുമ്പോൾ ഇരുവരും സ്ഥലത്തില്ലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam